കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു കൂറ്റന്‍ വിജയം. അസന്‍സോള്‍, ബിദ്ദാന്‍നഗര്‍, ചന്ദന്‍നഗര്‍, സിലുഗിരി എന്നീ നാല് കോര്‍പറേഷനുകളും ടിഎംസി തൂത്തുവാരി.
106 വാര്‍ഡുള്ള അസന്‍സോള്‍ കോര്‍പറേഷനിലെ 91 ഇടത്തും ടിഎംസി വിജയിച്ചു. ബിജെപി-ഏഴ്, കോണ്‍ഗ്രസ്-മൂന്ന്, സിപിഎം-രണ്ട്, സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയാണു മറ്റു കക്ഷി നില. സിലിഗുരിയിലെ 47 വാര്‍ഡില്‍ 37 ഉം ടിഎംസി സ്വന്തമാക്കി. ബിജെപി-അഞ്ച്, സിപിഎം-നാല്, കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു കക്ഷികള്‍ ലഭിച്ച സീറ്റ്.
ബിദ്ദാന്‍നഗറിലെ 41 വാര്‍ഡില്‍ 39 ലും ടിഎംസിക്കാണു വിജയം. ഒരു വാര്‍ഡില്‍ കോണ്‍ഗ്രസും മറ്റൊന്നില്‍ സ്വതന്ത്രനും വിജയിച്ചു. 32 വാര്‍ഡുള്ള ചന്ദന്‍നഗറില്‍ 31 ഇടത്തും ടിഎംസി വിജയിച്ചു. ഒരു സീറ്റ് സിപിഎമ്മിനാണ്.
തൃണമൂൽ കോണ്‍ഗ്രസിനു വോട്ട് ചെയ്ത നാല് നഗരസഭകളിലെയും ജനങ്ങളെ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിനന്ദിച്ചു. ”ഈ വിധി കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ അനുവദിക്കും. ഒരു പ്രകോപനത്തിനും മറുപടി നല്‍കരുതെന്ന് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,” ഒരു ബംഗാളി വാര്‍ത്താ ചാനലിനോട് സംസാരിക്കവെ മമത പറഞ്ഞു.
മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഗൗതം ദേബ് സിലിഗുരിയിൽ മേയറാകുമെന്നും മമത അറിയിച്ചു. ”മറ്റു കോര്‍പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാന്‍ ചര്‍ച്ച നടക്കും. എന്നാല്‍ സിലിഗുരിയില്‍ ഗൗതം ദേബ് മേയറാകും, കാരണം അദ്ദേഹം അവിടുത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്,” മമത പറഞ്ഞു. ബിജെപി നിഷേധാത്മക രാഷ്ട്രീയം പിന്തുടരുകയാണെന്നും വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു.
2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ നാല് കോര്‍പറേഷനുകളിൽ മൂന്നിടത്തായിരുന്നു ടിഎംസി ഭരണം. അസന്‍സോള്‍, ബിദ്ദന്‍നഗര്‍, ചന്ദന്‍നഗര്‍ എന്നി ടിഎംസിക്കൊപ്പവും സിലുഗിരി ഇടതു-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പവുമായിരുന്നു.
ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 71 ശതമാനത്തിലധികം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമം നടന്നിരുന്നു.
ഡിസംബറില്‍ നടന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കിയിരുന്നു. 144 അംഗ കൗണ്‍സിലിലെ 134 സീറ്റും തൃണമൂല്‍ നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപിക്ക് മൂന്നു വാര്‍ഡില്‍ മാത്രമായിരുന്നു കോര്‍പറേഷനില്‍ വിജയം. ഇടതുമുന്നണിയും കോണ്‍ഗ്രസും രണ്ടു വാര്‍ഡുകളില്‍ വീതവും സ്വതന്ത്രര്‍ മൂന്നു സീറ്റിലും വിജയിച്ചു. 2015ല്‍ തൃണമൂലിന് 124 സീറ്റിലായിരുന്നു വിജയം. ഇടതുപക്ഷം-13, ബിജെപി- അഞ്ച്, കോണ്‍ഗ്രസ്-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.