കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയെ തിങ്കളാഴ്ച രാവിലെ റൈഗഞ്ച് പ്രദേശത്തെ വീടിനടുത്തുള്ള ചായക്കടയ്ക്ക് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ദിനാജ്പൂർ ജില്ലയിലെ ഹേമ്താബാദിൽ നിന്നുള്ള എംഎൽഎയാണ് ദേബേന്ദ്ര നാഥ്. എന്നാൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

പുലർച്ചെ ഒരു മണിയോടെ റോയ് വീടിന് പുറത്തേക്ക് പോയതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. “പുലർച്ചെ ഒരു മണിയോടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു. തുടർന്ന് അദ്ദേഹം പുറത്തു പോയി. വീട്ടിലേക്ക് തിരിച്ചു വന്നില്ല. രാവിലെ അടച്ചിട്ടിരിക്കുകയായിരുന്ന ചായക്കടയുടെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൈകൾ കെട്ടിയിരുന്നു.” മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റൈഗഞ്ചിലെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

Read More: ഗെഹ്‍ലോട്ട് സർക്കാരിന് 109 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് കോൺഗ്രസ്

ഒരു കുടുംബാംഗം പറഞ്ഞു: “ഇത് ഒരു കൊലപാതകം തന്നെയാണ്. ഞങ്ങൾക്ക് ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണം.”

“അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” വടക്കൻ ദിനാജ്പൂർ ജില്ലയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷും പിന്തുണച്ചു. “അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. അദ്ദേഹവുമായി അടുപ്പമുള്ള ആരോ ആണ് ഇതിന് പിന്നിൽ. അല്ലെങ്കിൽ, എന്തിനാണ് രാത്രി അത്രയും വൈകി പുറത്തുപോകുന്നത്. പശ്ചിമ ബംഗാളിൽ ഒരു എം‌എൽ‌എയ്ക്ക് സംരക്ഷണമില്ല. ഇവിടെ ക്രമസമാധാനം തകർന്നു. ഒരു പ്രാദേശിക ടി‌എം‌സി യുവ നേതാവാണ് ഇതിന് പിന്നിൽ. ഒരു പൂർണ്ണമായ അന്വേഷണം നടത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണം,” അദ്ദേഹം പറഞ്ഞു. ജില്ല സന്ദർശിക്കാൻ സംസ്ഥാന പാർട്ടി നേതാക്കളോട് പാർട്ടിയുടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.

ടിഎംസിയുടെ നോർത്ത് ദിനാജ്പൂർ ജില്ലാ പ്രസിഡന്റ് കനയ ലാൽ അഗർവാളും തന്റെ പാർട്ടിയുടെ ഇടപെടൽ നിഷേധിക്കുകയും കേസിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

“ഇത് അസ്വാഭാവിക മരണമാണ്. അദ്ദേഹം ആത്മഹത്യ ചെയ്തതാണോ അതോ കൊല ചെയ്യപ്പെട്ടതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ സാധിക്കൂ. രാത്രിയിൽ ആരോ അദ്ദേഹത്തെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ആരാണ് അദ്ദേഹത്തെ വിളിച്ചതെന്നും എന്തിനാണ് പുറത്തു പോയതെന്നും കണ്ടെത്താൻ അന്വേഷണം സഹായിക്കും,” അഗർവാൾ പറഞ്ഞു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സിച്ചു വിജയിച്ച ദേബേന്ദ്രനാഥ് റോയ് കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.

Read More: Bengal BJP MLA found hanging near home, family demands CBI probe

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook