1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുഷമാ സ്വരാജും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മില്‍ നടന്ന ചൂടേറിയ തിരഞ്ഞെടുപ്പ് പോരാട്ടം കര്‍ണാടകയിലെ ബെല്ലാരി നിയോജകമണ്ഡലത്തിലേക്ക് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. തിരഞ്ഞെടുപ്പില്‍ സുഷമ പരാജയപ്പെട്ടെങ്കിലും ബെല്ലാരിയുമായി വൈകാരിക ബന്ധം പുലര്‍ത്തുകയും കര്‍ണാടകയില്‍ ബിജെപിയ്ക്ക് അടിത്തറയിടാന്‍ സഹായിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലെ കരുത്തയായ വനിത വിട വാങ്ങിയപ്പോള്‍ ബെല്ലാരിയിലെ അണികള്‍ സുഷമയെ ഓര്‍ക്കുന്നത് അമ്മ എന്ന നിലയിലാണ്.

Read More: അവര്‍ അമ്മയെ പോലെയായിരുന്നു, വലിയ നഷ്ടമാണ് എനിക്ക്: ഹാമിദ് അന്‍സാരി

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷവും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനായി എല്ലാ വര്‍ഷവും വരമഹാലക്ഷ്മി ഉത്സവം ആഘോഷിക്കാനായി സുഷമ ജില്ല സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍ ബെല്ലാരിയിലെ സുഷമയുടെ അനുയായികളായ ജനാര്‍ദ്ദന റെഡ്ഡിയ്ക്കും ബിജെപി നേതാവ് ശ്രീരാമുലുവിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2011ഓടെ സുഷമ തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചു.

Read More: ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

വടക്ക്-പടിഞ്ഞാറന്‍ കര്‍ണാടകയിലെ ജില്ലയുമായുള്ള ബന്ധം അനുസ്മരിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞത് ഇങ്ങനെ, ”അവര്‍ കര്‍ണാടകയുടെ മകളാണ്, കന്നഡയില്‍ അവര്‍ വളരെ പ്രഗത്ഭയായിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം സോണിയ ഗാന്ധിക്കെതിരെ ബെല്ലാരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബെല്ലാരിയിലും കര്‍ണാടകയിലും ബിജെപിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു. ഞങ്ങള്‍ അവരെ കാണുമ്പോഴെല്ലാം അവര്‍ കന്നഡയില്‍ ഞങ്ങളെ അഭിസംബോധന ചെയ്യുമായിരുന്നു.’

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് സുഷമാ സ്വരാജ് കന്നഡ പഠിച്ചത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ വോട്ടര്‍മാരുമായി ആശയവിനിമയം നടത്താന്‍ അവരെ സഹായിച്ചു. കര്‍ണാടകയിലെ റാലികളില്‍ അവര്‍ കന്നഡയില്‍ പ്രസംഗിച്ചു. ”അവര്‍ക്ക് കന്നഡയെയും കര്‍ണാടകയെയും അറിയില്ലായിരുന്നു, പക്ഷേ അവര്‍ക്ക് കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു,” ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ സന്ദര്‍ശന വേളയില്‍ ഡോ. ബി കെ ശ്രീനിവാസ മൂര്‍ത്തിയുടെ വസതിയില്‍ താമസിക്കുമായിരുന്നു. ”മൂന്ന് ദിവസം മുമ്പ് എന്റെ പിതാവ് സുഷമയെ വിളിച്ച് ഓഗസ്റ്റ് ഒമ്പതിന് വരമഹലക്ഷ്മി ഉത്സവത്തിന് വരാന്‍ ക്ഷണിച്ചിരുന്നു, പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തനിക്ക് വരാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.” മൂര്‍ത്തിയുടെ മകന്‍ ഡോ. ബി കെ ശ്രീകാന്ത് പറഞ്ഞു.

ലേഖകൻ: ദർശൻ ദേവയ്യ ബിപി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook