സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അലസ് ബിയാലിയാറ്റ്സ്‌കിയെ പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ബെലാറസ് കോടതി. പ്രതിഷേധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി.
ബിയാലിയാറ്റ്സ്‌കിയും മറ്റ് ആക്ടിവിസ്റ്റുകളും അന്യായമായി ശിക്ഷിക്കപ്പെട്ടതാണെന്നും വിധി ഭയപ്പെടുത്തുന്നതാണെന്നും നാടുകടത്തപ്പെട്ട ബെലാറഷ്യന്‍ പ്രതിപക്ഷ നേതാവ് സ്വിയാറ്റ്ലാന സിഖനൂസ്‌കയ പറഞ്ഞു. ‘ഈ ലജ്ജാകരമായ അനീതിക്കെതിരെ പോരാടാനും അവരെ മോചിപ്പിക്കാനും നാം കഴിയുന്നതെല്ലാം ചെയ്യണം,” അവര്‍ ട്വിറ്ററില്‍ പറഞ്ഞു. കുറ്റം നിഷേധിച്ച ബിയാലിയാറ്റ്സ്‌കിക്ക് 12 വര്‍ഷം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ മിന്‍സ്‌ക് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ബിയാലിയാറ്റ്സ്‌കി അടക്കം കൂട്ടുപ്രതികളായ മൂന്ന് പേര്‍ക്കുമെതിരെ പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും കള്ളപ്പണം കടത്തിയതിനുമാണ് കേസെടുത്തത്. ബെലാറഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ബെല്‍റ്റ ബിയാലിയാറ്റ്സ്‌കിക്ക് പത്ത് വര്‍ക്ഷത്തെ യില്‍വാസം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കിയത് സ്ഥിരീകരിച്ചു.
60 കാരനായ ബിയാലിയാറ്റ്സ്‌കി വിയാസ്ന മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹസ്ഥാപകനും 2020 ല്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് തടവിലാക്കപ്പെട്ട നൂറുകണക്കിന് ആളുകളില്‍ ഒരാളാണ്. ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമപരവും സാമ്പത്തികവുമായ സഹായം നല്‍കുന്നതില്‍ വിയാസ്ന നേതൃപരമായ പങ്ക് വഹിച്ചു. ദീര്‍ഘകാല നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബഹുജന പ്രകടനങ്ങള്‍ നടന്നത്.
”ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങള്‍ അവരുടെ മനുഷ്യാവകാശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു, രാഷ്ട്രീയ പ്രേരിത പീഡനത്തിന് ഇരയായവര്‍ക്ക് വിയാസ്ന മനുഷ്യാവകാശ കേന്ദ്രത്തിന്റെ സഹായം നല്‍കും” വിയാസ്ന വിധിയില്‍ പ്രതികരിച്ച് പറഞ്ഞു.
റഷ്യന്‍ മനുഷ്യാവകാശ ഗ്രൂപ്പായ മെമ്മോറിയല്‍, ഉക്രൈയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ ഒക്ടോബറില്‍ മനുഷ്യാവകാശം ജനാധിപത്യം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ബിയാലിയാറ്റ്‌സ്‌കിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. വിയാസ്നയില്‍ നിന്നുള്ള രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം 2021-ലാണ് ബിയാലിയാറ്റ്‌സ്‌കി അറസ്റ്റിലാകുന്നത്.