ബസ്തർ (ഛത്തീസ്ഗഡ്): സാമൂഹിക പ്രവർത്തകയും ഗവേഷകയുമായ ബേല ഭാട്ടിയക്കെതിരെ ബസ്തറിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഒരു സംഘം ഭീഷണിപ്പെടുത്തി. പരപ്പ ഗ്രാമത്തിലെ വസതിയിൽ കഴിഞ്ഞ തിങ്കൾ രാവിലെ അതിക്രമിച്ചെത്തിയ മുപ്പതോളം പേരടങ്ങുന്ന പുരുഷന്മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 24 മണിക്കൂറിനുള്ളിൽ വീട് ഒഴിഞ്ഞുപോകണമെന്നും ഇല്ലെങ്കിൽ വീട് കത്തിക്കുമെന്നാണ് സംഘം ഭീഷണിപ്പെടുത്തിയത്.

ബസ്തറിലെ ബീജാപൂറിൽ ബലാത്സംഗത്തിനും അക്രമത്തിനും ഇരയാവരെ കണ്ട് മൊഴി രേഖപ്പെടുത്താനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനൊപ്പം ബേലയുമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഭീഷണി ഉയർന്നത്. മനുഷ്യാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ബസ്തറിലെ 16 ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ബസ്തർ പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.

ബേല ലോക്കൽ പൊലീസിനെ സഹായത്തിനായി വിളിച്ചുവെങ്കിലും സംഘത്തെ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. തദ്ദേശ ജനതയുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്തുന്ന സമാനമായ തന്ത്രം ഇതിന് മുമ്പും ഈ പ്രദേശത്ത് പയറ്റിയിട്ടുണ്ട്. . 2016-ൽ ജഗദൽപൂർ ലീഗൽ എയിഡ് ഗ്രൂപ്പുമായി ബന്ധപ്പെട്ട അഭിഭാഷകരാണ് ഭീഷണി നേരിട്ടത്. അവരും അപരിചിതരായ ചിലരാൽ സമാനമായ ഭീഷണിക്ക് വിധേയമായി. വീട് വിട്ടുപോകണമെന്നായിരുന്നു​ അന്നും ഉയർത്തിയ ഭീഷണി. വീട്ടുടമയോടും അപരിചിത സംഘം ഈ​ ആവശ്യം ഉന്നയിച്ചിരുന്നു.

ബേല ഭാട്യയ്ക്കു നേരെ നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ