ന്യൂഡൽഹി: പാക്കിസ്ഥാന്റെ സൈനിക നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വസുധൈവ കുടുംബകം എന്ന തത്വശാസ്ത്ര പ്രകാരം ലോകം ഒറ്റ കുടുംബമാണെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നത് ശക്തിയില്ലാത്തത് കൊണ്ടാണെന്ന് കരുതരുതെന്നും പാക്കിസ്ഥാനെ ഓർമ്മിപ്പിച്ചു.

“എല്ലായിടത്തും സമാധാനം വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന യുദ്ധവിരോധികളായ രാജ്യമാണ് ഞങ്ങളുടേത്. എന്നിരുന്നാലും അക്രമം നടത്താതെ സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട് ഞങ്ങൾ ദുർബലരാണെന്നോ, രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ കരുതരുത്. ഞങ്ങളുടെ പുരോഗതി തടയാൻ ശ്രമിക്കുന്ന വിനാശകരമായ ഇത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ല,” അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഫൗണ്ടേഷന്റെ കൗടില്യ ഫെല്ലോഷിപ്പ് പ്രോഗ്രാമിനായി എത്തിയ 32 രാജ്യങ്ങളിൽ നിന്നുളള ഗവേഷകരും നയതന്ത്ര വിദഗ്‌ധരും ഉൾപ്പെട്ട സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സൈനിക നീക്കത്തിന് ഞങ്ങൾ നിർബന്ധിതരായതാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചതിൽ ഞങ്ങൾ വളരെയേറെ സന്തുഷ്ടരാണ്. ഭീകരവാദത്തെ വെറുതെ നോക്കിയിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല,” വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. ഇന്ത്യ, ഐക്യരാഷ്ട്ര സഭയിൽ വച്ച രാജ്യാന്തര ഭീകരവാദത്തെ ഇല്ലാതാക്കാനുളള കോംപ്രിഹെൻസീവ് കൺവൻഷനിൽ ഒപ്പുവയ്ക്കാൻ എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook