ന്യൂഡല്‍ഹി: ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുന്ന ജര്‍മ്മനിയില്‍ വ്യാപക പ്രതിഷേധം. ഉച്ചകോടിക്കെതിരെ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. 74 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കല്ലും കുപ്പിയും എറിഞ്ഞ് പ്രതിഷേധിച്ചു. ‘നരകത്തിലേക്ക് സ്വാഗതം’ എന്ന ബാനറുകള്‍ ഏന്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
ഭീകരതയെ പ്രതിരോധിക്കലിനൊപ്പം കാലാവസ്ഥ വ്യതിയാനവും സ്വതന്ത്ര വ്യാപാരവുമാണ് സമ്മേളനത്തിന്‍റെ മുഖ്യ അജണ്ട. സമ്മേളനത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുട്ടിനും കൂടിക്കാഴ്ച നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന്‍റെ അലയൊലികള്‍ അവസാനിക്കും മുമ്പാണ് ജി 20 രാജ്യങ്ങള്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ഒത്തുകൂടുന്നത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറിയ സാഹചര്യത്തിലാണ് ജി20 എന്നതും ശ്രദ്ധേയമാണ്.
ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഹംബര്‍ഗില്‍ എത്തിയിട്ടുണ്ട്. അതിര്‍ത്തി പ്രശ്നം അതിരൂക്ഷമായതിന് ശേഷം ഇത് ആദ്യമായാണ് ഷീ ജിന്‍ പിംങും ഇന്ത്യന്‍ പ്രധാനമന്ത്രിയും നേരിട്ട് സംവദിക്കുന്നത്. എന്നാല്‍ ഔപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിക്കിം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. ഇരു നേതാക്കളും മറ്റ് ലോകനേതാക്കളുമായി ഉച്ചകോടിയില്‍ ചര്‍ച്ച നടത്തും. ഔപചാരിക കൂടിക്കാഴ്ച്ച നടത്തില്ലെന്നാണ് ചൈന വ്യക്തമാക്കിയതെങ്കിലും അനൗപചാരിക ചര്‍ച്ചയ്ക്കുളള സാധ്യത സര്‍ക്കാര്‍വൃത്തങ്ങള്‍ തളളിക്കളയുന്നില്ല.
സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയെ ഏറ്റവും കയ്പേറിയ പാഠം പഠിപ്പിക്കണമെന്നും ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് വഴി ചൈന ഭീഷണിയുയര്‍ത്തി. സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോയാൽ 1962 ലേതിനേക്കാൾ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകും. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം. ഇതിനിടെയാണ് ജി20 ഉച്ചകോടിയില്‍ ഇരു നേതാക്കളും കണ്ടുമുട്ടുന്നത്.