കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ഇന്ത്യയിലെ പല വാട്സ്ആപ്പ് ഉപയോക്താക്കൾക്കും അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് മിസ്‌ഡ് കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിസിനസ് അക്കൗണ്ടുകളായി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കാണ് കൂടുതലും ഇത്തരം കോളുകൾ ലഭിച്ചത്.
തിരികെ വിളിക്കുകയോ സന്ദേശമയയ്‌ക്കുകയോ ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം ജോലികൾ വാഗ്ദാനം ചെയ്യപ്പെടുന്നു. ഓൺലൈനിലെ പല ഉൽപന്നങ്ങൾക്കും ലൈക്ക് ചെയ്യുക എന്ന ജോലിയാണ് പലർക്കും നൽകുക. കെണിയിൽപ്പെടുന്നർക്ക് പണം നഷ്ടമാക്കുകയും ചെയ്യുന്നു.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന്, വാട്‌സ്ആപ്പിന് സർക്കാർ നോട്ടീസ് അയക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച അറിയിച്ചിരുന്നു. വാട്സ്ആപ്പ് അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ് സിസ്റ്റവും വർധിപ്പിച്ചിട്ടുണ്ട്. ഇത് സ്പാം കോളുകൾ 50 ശതമാനം കുറയുന്നതിലേക്ക് നയിക്കുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
“ഞങ്ങൾ വാട്ട്‌സ്ആപ്പിനോട് നോട്ടീസിൽ ഒരു ലളിതമായ ചോദ്യമാണ് ചോദിക്കാൻ പോകുന്നത്. ഒരു മൊബൈൽ നമ്പർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന ഉപയോക്തൃ സൈൻ-അപ്പ് മെക്കാനിസത്തിന്റെ തകരാറ് എന്താണ്? ആരെങ്കിലും അതിന് പഴുതുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ, അത് നികത്തുക, ”രാജീവ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ക്ലോൺ ചെയ്‌ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്യാൻ ആളുകളെ തീർച്ചയായും അനുവദിക്കാനാവില്ല.”
ഇത്തരം ക്ലോൺ നമ്പറുകൾ സൃഷ്ടിക്കുന്നവ ബ്ലോക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം ടെലികോം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഐടി മന്ത്രി പറഞ്ഞു. “ഒരു പ്ലാറ്റ്ഫോം (വാട്സ്ആപ്പ്) വ്യാജ മൊബൈൽ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ, അവർ ആളുകളെ സൈൻ അപ്പ് ചെയ്യിക്കുന്ന രീതിയിൽ എന്തോ തെറ്റുണ്ട്,” രാജീവ് പറയുന്നു.
മിസ്ഡ് കോളിനോട് പ്രതികരിക്കുന്ന ആളുകളെ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യാനോ ഗൂഗിൾ റിവ്യൂവിനോ പണം വാഗ്ദാനം ചെയ്യുന്നു. അതിനുശേഷം ഈ വ്യക്തികളെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുന്നു. ചെയ്യുന്ന ജോലികൾക്കായി ആദ്യം പണം നൽകി അവരുടെ വിശ്വാസ്യത സ്വന്തമാക്കുന്നു. അതിനുശേഷം അവരോട് പണം നിക്ഷേപിക്കാൻ പറയുകയും അവർ ഒരു നിശ്ചിത തുക നൽകിയശേഷം ഗ്രൂപ്പിൽ ബ്ലോക്ക് ആക്കുകയും ചെയ്യുന്നു.
തട്ടിപ്പിന്റെ കേന്ദ്രം കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണെന്നും മൂന്നു മാർഗങ്ങളിലൂടെയാണ് ഇത്തരം നമ്പറുകൾ സൃഷ്ടിക്കപ്പെടുന്നതെന്നും സൈബർ സുരക്ഷാ വിദഗ്ധരുമായും ഏജൻറുമാരുമായും നടത്തിയ സംഭാഷണങ്ങളിൽ നിന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
1) ഏതൊരു രാജ്യത്തിന്റെയും വെർച്വൽ ഫോൺ നമ്പറുകൾ സൃഷ്ടിക്കുന്ന സൗജന്യ ആക്സസ് വെബ്സൈറ്റുകൾ
2) അത്തരം നമ്പറുകൾ സൃഷ്‌ടിക്കുന്ന പ്ലാറ്റ്‌ഫോമുകൾ. അതിനായി പണമടയ്ക്കുന്നത് ക്രിപ്‌റ്റോകറൻസി വഴിയാണ്.
3) ടെലിഗ്രാം, ഇബേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ആളുകൾ വർധിക്കുന്നതും അത്തരം നമ്പറുകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു
ടെലിഗ്രാമിലൂടെ സംഭാഷണം നടത്തിയ ഏജന്റുമാരിലൊരാൾ, ആയിരക്കണക്കിന് വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു.
“ഏത് രാജ്യത്തിന്റെയും ഫോൺ നമ്പറുകൾ തിരഞ്ഞെടുക്കാനും ഒറ്റത്തവണ പാസ്‌വേഡ് (OTP) ആവശ്യമുള്ള വാട്ട്‌സ്ആപ്പ് പോലുള്ള സേവനങ്ങളിൽ അക്കൗണ്ട് തുടങ്ങാനും റിസീവ്-smss.com, sms24.me പോലുള്ള സൗജന്യ വെബ്‌സൈറ്റുകളിലൂടെ സാധിക്കും. ഈ വെബ്‌സൈറ്റുകളിൽ, നിങ്ങൾക്ക് ആ നമ്പറുകളുമായി ബന്ധപ്പെട്ട ഇൻബോക്‌സ് ആക്‌സസ് ചെയ്യാനും ഒടിപി പകർത്താനും കഴിയും,” പണമടച്ചുള്ള മറ്റു ഗ്രൂപ്പുകളും ഉണ്ടെന്ന് ഏജന്റ് പറഞ്ഞു.
ഒന്നിലധികം ആളുകളെ ടാർഗെറ്റുചെയ്യാൻ ഉദ്ദേശിക്കുന്ന തട്ടിപ്പുകാരന് ഓരോരുത്തരെയും നേരിട്ട് വിളിക്കേണ്ട ആവശ്യമില്ലെന്ന് ഏജന്റ് വിശദീകരിക്കുന്നു. “നിങ്ങൾ ടാർഗെറ്റുചെയ്യാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പറുകളുടെ മുഴുവൻ ഡാറ്റാബേസും ഓട്ടോമാറ്റിക് ഡയലർ സോഫ്‌റ്റ്‌വെയർ ഇടുക. സോഫ്റ്റ്‌വെയർ ആ നമ്പറുകളിലേക്ക് ഒറ്റയടിക്ക് സ്വയമേവ മിസ്‌ഡ് കോളുകൾ നൽകുന്നു,”ഏജന്റ് പറയുന്നു.