scorecardresearch

ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ

ദിവസങ്ങൾക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു

ദിവസങ്ങൾക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു

author-image
WebDesk
New Update
Indore Death

നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് കാരണമായത്

ഇൻഡോർ: ഇൻഡോറിൽ ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് മലിന ജലം കുടിച്ച് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യസംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. ദിവസങ്ങൾക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.

Advertisment

ഭഗീരഥ്‌പുര മേഖലയിലാണ് ദുരന്തം ഉണ്ടായത്. കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിന് മുകളിലായി സുരക്ഷാ ടാങ്ക് ഇല്ലാതെ നിർമ്മിച്ച ഒരു പൊതുശൗചാലയമാണ് വില്ലനായത്. പൈപ്പിലെ വിള്ളലിലൂടെ മാലിന്യം കലരുകയും ഇത് ജനങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഒക്ടോബർ മുതൽ പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. 

ഡിസംബർ 28-ന് ആറ് രോഗികളുമായി തുടങ്ങിയ രോഗബാധ വെറും 48 മണിക്കൂറിനുള്ളിൽ മുന്നൂറിലധികം പേരിലേക്ക് പടർന്നു. ഭഗീരഥ്‌പുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം എത്തുന്നവരുടെ എണ്ണം 300 കടന്നത് ആരോഗ്യ പ്രവർത്തകരെ വലച്ചു. ആരോഗ്യ പ്രശ്നങ്ങളുമായാണ് പലരും ചികിത്സ തേടുന്നത്. രോഗികളിൽ 95 ശതമാനവും സ്ത്രീകളാണെന്നത് ആരോഗ്യ വകുപ്പിനെ അത്ഭുതപ്പെടുത്തി. ഇതിൽ 70-80 ശതമാനം പേർക്കും വൃക്കയുടെ പ്രവർത്തനം തകരാറിലായ നിലയിലാണ്.

സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ 13,000 വീടുകളിൽ പരിശോധന നടത്തി. ഇതുവരെ 310 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 25 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചെറിയ ക്ലിനിക്കുകളിൽ വിദഗ്ധ ചികിത്സ ലഭിക്കാത്തതും മതിയായ സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ വർധിപ്പിക്കാൻ കാരണമായെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. എന്നാൽ, കൃത്യസമയത്ത് പരാതികൾ കേൾക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഏഴ് ജീവനുകൾ നഷ്ടപ്പെടാൻ കാരണമെന്ന് ജനങ്ങൾ രോഷത്തോടെ പറയുന്നു.

Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: