ന്യൂഡൽഹി: കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ സൈന്യം വികൃതമാക്കുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിലും നവംബറിലും സമാന സംഭവം നടന്നതായി സൈനികവൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു സംഭവങ്ങളും നിയന്ത്രണരേഖയില മാചിൽ പ്രദേശത്താണുണ്ടായത്.

ഈ വർഷം 65 തവണ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചെന്നും റിപ്പോർട്ടുണ്ട്. ഇതിൽ കൃഷ്ണ ഗാട്ടിയിൽ അഞ്ചു തവണയും നൗഷേറയിൽ 40 തവണയും വെടിനിർത്തൽ കരാർ ലംഘിച്ചു. 42 ഭീകരരെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. ഇതിൽ എട്ടുപേരെ നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴാണ് കൊന്നത്.

2016 ൽ 225 തവണയും 2015 ൽ 150 തവണയും 2014 ൽ 153 തവണയും വെടിനിർത്തൽ കരാർ ലംഘനമുണ്ടായി. 2016 ൽ 150 ഭീകരരെയും 2015 ൽ 101 പേരെയും 2014 ൽ 104 പേരെയും ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഇന്നലെ പാക്ക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെയാണ് പാക്ക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീം (BAT) ആക്രമിച്ചത്. കൊല്ലപ്പെട്ട ജവാൻമാരുടെ തല വെട്ടിമാറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ