മ്യാൻമറിൽ പ്രതിഷേധക്കാർക്ക് നേർക്ക് നിറയൊഴിക്കരുതെന്നപേക്ഷിച്ച് പൊലീസുകാർക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കന്യാസ്ത്രീയുടെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിറകെ ഈ സംഭവത്തെക്കുറിച്ച് കന്യാസ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

വടക്കൻ മ്യാൻമറിലെ മൈറ്റ്കിന പട്ടണത്തിലാണ് സംഭവം നടത്തന്നത്. പ്രക്ഷോഭകർക്ക് നേരെ നിറയൊഴിക്കരുതെന്ന് പോലീസുകാരുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് ആൻ റോസ് നു താംഗ് എന്ന കന്യാസ്ത്രീ അപേക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തെ സൈനിക അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകാരികളെ പൊലീസ് നേരിടാനൊരുങ്ങവേയായിരുന്നു കന്യാസ്ത്രീയുടെ ഇടപെടൽ.

“അവർ എന്നോട് പറഞ്ഞു ഇവിടെ അധികം നിൽക്കരുതെന്ന്. ഞാൻ അവിടെ മുട്ടുകുത്തി നിന്നു. അവർ എന്നോട് പറഞ്ഞത് അവർക്ക് സമരക്കാരെ നേരിടണം എന്ന തരത്തിലാണ്. ഞാൻ പറഞ്ഞു, എനിക്ക് ഇവിടെ ജനങ്ങൾക്ക് ഒരു കുഴപ്പവും പറ്റുന്നത് കാണാൻ പറ്റില്ലെന്നും പോലീസ് പോകുന്നില്ലെങ്കിൽ പോകാൻ എനിക്ക കഴിയില്ലെന്നു,” അവൾ പറഞ്ഞു. “കുട്ടികളെ വെടിവയ്ക്കരുതെന്ന് ഞാൻ അവരോട് അപേക്ഷിച്ചു,” എന്ന് ആൻ റോസ് നു താംഗ് വീഡിയോയിൽ പറഞ്ഞു.

റോസ് നു താംഗ് അപേക്ഷിച്ചതിന് പിറകെ ഒരു പൊലീസ് ഉദ്യോഗസ്ഥനും മുട്ടുകുത്തി നിൽക്കുന്നതിന്റെ ദൃശ്യങ്ങളിും വീഡിയോയിലുണ്ട്.

Read More World News: ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ 

നേരത്തേയും താംഗ് ഇത്തരത്തിൽ പൊലീസിനോട് പ്രതിഷേധക്കാരെ ആക്രമിക്കരുതെന്ന് പറഞ്ഞ് ഇടപെട്ടിരുന്നു.ആ സംഭവത്തെക്കുറിച്ച് അവർ സംസാരിക്കുന്നതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

“പൊലീസ് പ്രതിഷേധക്കാരെ തല്ലിച്ചതക്കുന്നതിന് നേർക്ക് ഞാൻ ഓടിപ്പോവുകയായിരുന്നു. ഒരു ക്ലിനിക്കിലുള്ളപ്പോളായിരുന്നു അത് കണ്ടത്. ശരിക്കും യുദ്ധം പോലെ തോന്നി. കുറേ ആളുകൾ മരിക്കുന്നതിന് പകരം ഞാൻ മാത്രം മരിക്കുന്നതാണ് ഭേദമെന്ന് എനിക്ക് തോന്നി. മരിക്കാൻ പോലും തയ്യാറെടുത്താണ് ഞാൻ അങ്ങോട്ട് നീങ്ങിയത്,” മാർച്ച് ആറിന് സ്കൈന്യൂസ് പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ റോസ് നു താംഗ് പറഞ്ഞു.

“മ്യാൻമർ ജനതയെ രക്ഷിക്കാൻ ആരും ഇല്ല. ജനങ്ങൾക്ക് സ്വയം പ്രതിരോധം തീർക്കേണ്ടി വരുന്നു. നമുക്ക് വറെ ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയിലെന്നപോലെ. ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. സുരക്ഷാ സേനകൾ അവർക്ക് ഇഷ്ടമില്ലാത്തവരെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയുമാണ്. അവർ അവരെ കൊല്ലുകയും ചെയ്യുന്നു,” റോസ് നു താംഗ് പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് അട്ടിമറിയിലൂടെ സൈന്യം രാജ്യത്തിന്റെ ഭരണം പിടിച്ചടക്കിയത്. സൈനിക അട്ടിമറിയെതിരായ പ്രതിഷേധത്തിൽ 60 ഓളം പേർ കൊല്ലപ്പെടുകയും 1,800 ലധികം പേർ കസ്റ്റഡിയിലാവുകയും ചെയ്തതായാണ് 1 കൂപ്പ് എന്ന ഉപദേശക സംഘം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook