അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെ എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. സമീപകാലത്ത്, സമാനമായ ശിക്ഷാവിധികളിലൂടെ അയോഗ്യരാക്കപ്പെട്ട മറ്റു ചിലരുമുണ്ട്.
മുഹമ്മദ് ഫൈസൽ, എംപി, ലക്ഷദ്വീപ്
കൊലപാതക കേസുമായി ബന്ധപ്പെട്ട ലക്ഷദ്വീപിലെ സെഷൻസ് കോടതി ശിക്ഷിച്ച് രണ്ടു ദിവസത്തിനുശേഷം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി. ജനുവരി 25ന് കേരള ഹൈക്കോടതി ശിക്ഷാവിധി സസ്പെൻഡ് ചെയ്തു. ഇതോടെ ഫെബ്രുവരി 27ന് നടക്കേണ്ടിയിരുന്ന ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
അസം ഖാൻ, എംഎൽഎ, റാംപൂർ
2022 ഒക്‌ടോബർ 27-ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിശാന്ത് മാൻ 2019 ലെ വിദ്വേഷ പ്രസംഗ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ദിവസത്തിന് ശേഷം യുപി അസംബ്ലി സെക്രട്ടേറിയറ്റ് ഖാനെ സഭയിൽ നിന്ന് അയോഗ്യനാക്കിയതായി പ്രഖ്യാപിച്ചു.
ലാലു പ്രസാദ്, എംപി, സരൺ
കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണക്കേസിൽ 2013 ഒക്ടോബർ 3ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കി. ഒക്‌ടോബർ രണ്ടിലെ പാർലമെന്ററി വിജ്ഞാപനത്തിലൂടെയാണ് അയോഗ്യനാക്കിയത്.
വിക്രം സെയ്നി, എംഎൽഎ, ഖതൗലി
2013 ലെ മുസാഫർനഗർ കലാപത്തിലെ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടർന്ന് മുസാഫർനഗറിലെ പ്രത്യേക എംപി-എംഎൽഎ കോടതി ബിജെപി എംഎൽഎ വിക്രം സെയ്നിയെ രണ്ടു വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹത്തിന്റെ ഖത്തൗലി നിയമസഭാ സീറ്റ് ഒഴിവുള്ളതായി പ്രഖ്യാപിക്കാൻ 2022 നവംബർ 7-ന് യുപി നിയമസഭ വിജ്ഞാപനം പുറപ്പെടുവിച്ചു.