ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13600 കോടി രൂപ വായ്പയായി തട്ടിയെടുത്ത നീരവ് മോദി രാജ്യം വിടാനുളള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതിന് തെളിവ്. വായ്‌പ തട്ടിപ്പ് പുറത്തുവരുന്നതിന് മൂന്ന് മാസങ്ങൾക്ക് മുൻപ് പസഫിക് സമുദ്രത്തിലെ വനാതു എന്ന ദ്വീപ് രാഷ്ട്രത്തിൽ പൗരത്വത്തിനായി ഇയാൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ ഇവിടുത്തെ സർക്കാർ തളളി.

പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കാൻ 1.95 ലക്ഷം ഡോളറാണ് വനാതു സർക്കാരിലെ വിവിധ വകുപ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നീരവ് മോദി സമർപ്പിച്ചത്. ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം 1.4 കോടി രൂപ വരുമിത്.

എന്നാൽ വനാതു സർക്കാർ നീരവ് മോദിക്കെതിരെ നടത്തിയ രഹസ്യാന്വേഷണ പരിശോധനയിൽ ഇയാൾക്ക് പൗരത്വം നിഷേധിക്കാൻ തക്കതായ കാരണങ്ങൾ കണ്ടെത്തി. വടക്കൻ ഓസ്ട്രേലിയയ്ക്ക് സമീപം ദക്ഷിണ പസഫിക് സമുദ്രത്തിലുളള ഒരു ദ്വീപ് രാഷ്ട്രമാണിത്. സോളമൻ ദ്വീപിനും, ഫിജി ദ്വീപിനും ന്യൂ കാലിഡോണിയ ദ്വീപിനും ഇടയിൽ വരുന്ന ദ്വീപ് രാഷ്ട്രമാണിത്.

nirav modi, nirav modi red corner notice, Nirav Modi pnb fraud, punjab national bank, pnb money laundering case, Mehul Choksi, PNB fraud case, indian express

കറുത്ത നിറത്തിൽ നൽകിയിരിക്കുന്നത് ലോക ഭൂപടം. വൃത്തത്തിലും ചതുരത്തിലുമായി രേഖപ്പെടുത്തിയിരിക്കുന്നതാണ് വനാതു ദ്വീപ് രാഷ്ട്രം

വിദേശികൾക്ക് നിക്ഷേപത്തിലൂടെ ഈ ദ്വീപിൽ താത്കാലിക പൗരത്വം നേടാനാകും. ഇതിനായി 1.65 ലക്ഷം ഡോളർ നീരവ് മോദി വീണ്ടും അയച്ചു. ഇതിൽ 5000 ഡോളർ ദ്വീപിലെ രഹസ്യാന്വേഷണ വിഭാഗത്തിനുളള പ്രവർത്തന ഫീസായിരുന്നു.

ജനുവരി 29 നാണ് പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐക്ക് പരാതി നൽകുന്നത്. എന്നാൽ ജനുവരി ആദ്യവാരം തന്നെ നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവനായ മെഹുൽ ചോക്സിയും രാജ്യം വിട്ടിരുന്നു.

മെഹുൽ ചോക്സി ഇപ്പോൾ ആന്റിഗ്വ ആന്റ് ബാർബുഡയിലാണ് താമസം. ഇപ്പോൾ യുകെയിലുളള നീരവ് മോദി ഇവിടെ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. 2017 ഡിസംബർ വരെയുളള കണക്കുകൾ പ്രകാരം 810 ഓളം പേരാണ് വനാതു എന്ന ദ്വീപ് രാഷ്ട്രത്തിൽ കഴിയുന്ന ഇന്ത്യൻ വംശജരും ഇന്ത്യാക്കാരും.

നീരവ് മോദിയുടെ ബന്ധുക്കളായ ചിലരുടെ യുഎസ്, യുകെ, സ്വിറ്റ്സർലൻഡ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലുളള ചില ബന്ധുക്കളുടെ കൂടി രാജ്യാന്തര ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുളള ശ്രമത്തിലാണ് ഇപ്പോൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ആയിരം കോടിയോളം രൂപ വിലമതിക്കുന്ന ആസ്തികളാണ് ഇത്തരത്തിൽ മരവിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളുടെയും 1500 കോടിയോളം മൂല്യമുളള ആസ്തികൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ