അമേഠി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമൊപ്പം ബിജെപി അധ്യക്ഷന്‍ അമിത് ഷാ അമേഠിയിയില്‍ റാലിക്കൊരുങ്ങവേ, അമേഠിയിലെ കോണ്‍ഗ്രസ് നേതാവ് ജംഗ് ബഹദൂര്‍ സിങ് ബിജെപിയിലേക്ക്. ഇതോടെ സ്വന്തം തട്ടകത്തില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ജംഗ് ബഹദൂര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച നടക്കുന്ന അമിത് ഷായുടെ അമേഠി സന്ദര്‍ശനത്തില്‍ ബഹദൂര്‍ സിങ്ങിന് ഔദ്യോഗിക അംഗത്വം നല്‍കും.

മൂന്ന് ദിവസം മുന്‍പാണ് ബഹദൂര്‍ സിങ് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവച്ചത്. ബഹദൂര്‍ സിങ്ങിനൊപ്പം അമേഠിയിലെ 12 നേതാക്കളും കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജി വച്ചിട്ടുണ്ട്. വിമത നേതാവിനൊപ്പം ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയാണ് സിങ് പാര്‍ട്ടി വിട്ടത്. ഒരു ദശാബ്ദത്തോളം കാലം യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചിട്ടും അമേഠിയില്‍ രാഹുല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് സിങ് ആരോപിച്ചിരുന്നു. സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ രാഹുലിന് നേരമില്ല. റോഡുകളെല്ലാം കുഴിയായി കിടക്കുകയാണ്. വ്യവസായ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അത് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. തൊഴില്‍ തേടി യുവജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്ന അവസ്ഥയാണുള്ളതെന്നും സിങ് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ