ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റിൽ നിന്ന് ബീഫ് കറി പിന്‍വലിച്ചു. കേരള സമാജം ഫ്രാങ്ക്ഫർട്ട് ഫുഡ് ഫെസ്റ്റിനായി തയ്യാറാക്കിയ മെനുവില്‍ നിന്നാണ് ബീഫ് കറി പിന്‍വലിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ബീഫ് കറി മെനുവില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കേരള സമാജത്തിന്റെ നടപടി. ബീഫ് കറി മെനുവില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
Read Also: ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലിം യുവാവിന് മര്‍ദ്ദനം
മലയാളികളുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ചാണ് കേരളത്തിലെ ഇഷ്ട വിഭവമായ ബീഫ് കറി മെനുവില്‍ ഉള്‍പ്പെടുത്താന്‍ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. പരിപാടിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഒടുവില്‍ കേരള സമാജത്തിന് ബീഫ് കറി മെനുവില്‍ നിന്ന് നീക്കേണ്ടി വന്നു. കേരള സമാജം ഇക്കാര്യം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ശനിയാഴ്ച ഇന്ത്യന്‍ ഫെസ്റ്റ് നടത്തിയത്. ഇന്ത്യയുടെ വ്യത്യസ്തതകള്‍ വിളിച്ചോതുന്ന ഭക്ഷണ പദാര്‍ഥങ്ങളും സാധനങ്ങളും അടങ്ങിയതായിരുന്നു ഫെസ്റ്റ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തിന് അനുസൃതമായ വിഭവങ്ങളാണ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 20,000 ത്തോളം പേര്‍ ഫെസ്റ്റില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
Read Also: ഉള്ളി ഇട്ട ബീഫ് കറി വേണോ ഉളളി ഇട്ട ഉളളിക്കറി മതിയോ?
വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് ‘ആള്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍’ പറഞ്ഞിരുന്നതായി കേരള സമാജം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മദ്യത്തിന് മാത്രമാണ് നിരോധനം ഉണ്ടായിരുന്നത്. മറ്റ് ഭക്ഷ്യവിഭവങ്ങളെല്ലാം ഫെസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബീഫ് അടക്കം ഉള്‍പ്പെടുത്തിയുള്ള മെനു കാര്‍ഡ് തയ്യാറാക്കിയത്. എന്നാല്‍, ബീഫ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു.
ഫെസ്റ്റിന് മൂന്ന് ദിവസം മുന്‍പ് ‘ചേയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍’ ‘സിമ ഹിന്ദു’ എന്ന അക്കൗണ്ടില്‍ നിന്ന് ഒരു പരാതി ഫയൽ ചെയ്തിരുന്നു. മെനുവില്‍ ബീഫ് കറി ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു പെറ്റീഷന്‍. ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന ഫെസ്റ്റില്‍ ബീഫ് കറി ഉള്‍പ്പെടുത്തുന്നത് സംസ്‌കാരത്തിന് എതിരാണെന്ന് പറഞ്ഞായിരുന്നു പെറ്റീഷന്‍. ബീഫ് കറി ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് പെറ്റീഷനില്‍ പറയുന്നു. പശുക്കളെ കൊല്ലുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ്. വിശുദ്ധ മൃഗമായ പശുക്കളുടെ ഇറച്ചി വില്‍ക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു എതിരാണെന്നും പെറ്റീഷനില്‍ പറയുന്നു.
അതേസമയം, മെനുവിൽ നിന്ന് ബീഫ് നീക്കം ചെയ്ത നടപടിയിൽ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധിച്ചു. കേരള സമാജം ഫ്രാങ്കുഫർട്ട് അംഗങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യക്കു പുറത്തേക്കു പടരുന്ന മത അസഹിഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയിൽ പ്രതിഷേധിച്ച് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചു എന്ന് കേരള സമാജം അംഗമായ ഡോണി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഫുഡ് ഫെസ്റ്റിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തിയതിനെതിരെ രംഗത്തുവന്നത് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരാണ് എന്ന് ഡോണി ജോർജ് പറയുന്നു.