കന്നുകാലികളുടെ അറവു നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ബിജെപിയുടെ ഐടി സെല്ലിനേയും ബിജെപി വക്താക്കളെയും ഒരുപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ് #DravidaNadu എന്ന ഹാഷ്ടാഗ് ക്യാംപെയിൻ.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ദ്രാവിഡനാട് രൂപീകരിക്കണമെന്നും, ഉത്തരേന്ത്യന്‍ സംസ്കാരവും ഹിന്ദിയും തെന്നിന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും, മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നും, ഇത്തരത്തില്‍ ഫെഡറല്‍ സംവിധാനം അംഗീകരിക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പക്ഷം തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വിഭജിച്ച്‌ പ്രത്യേക രാജ്യം നിര്‍മിക്കും എന്നുമാണ് #Dravidanadu വെച്ച് ട്വീറ്റ് ചെയ്യുന്ന ഒട്ടുമിക്ക പേരുടെയും വാദം.

ഈ ട്വിറ്റര്‍ ക്യാംപെയിനോട് യോജിച്ചു കൊണ്ട് എഴുത്തുകാരടക്കം പല പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ‘ഈ വാക്കുകള്‍ സത്യമായിരിക്കാം. എങ്കിലും ഞാന്‍ എന്റെ തെന്നിന്ത്യരോട് ആവശ്യപ്പെടുന്നത്. ദ്രാവിഡനാട് എന്ന ദേശവിരുദ്ധ വാദങ്ങളെ പ്രോത്സാഹിപ്പിക്കരുത് . നമുക്ക് ഇന്ത്യയെ മെച്ചപ്പെടുത്താം.’ എന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.

സംഭവത്തിനോട് ബിജെപി നേതാക്കളാരും പ്രതികരിച്ചിട്ടില്ല. എങ്കിലും ഇതിനെതിരായി ബിജെപി ഐടി സെല്ലിന്റെ ക്യാംപെയിൻ ശക്തമായി തന്നെ നടക്കുന്നുണ്ട്.

നേരത്തേ ജെല്ലിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഇതേ ഹാഷ്ടാഗ് സജീവമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. നിലവില്‍, മിക്ക തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേയും ടോപ്‌ ട്രെന്‍ഡ് ആണ് #DravidaNadu.

അതിനിടയില്‍ കാര്യങ്ങള്‍ കേവലം ബീഫില്‍ ഒതുക്കാതെ മറ്റു പല വിഷയങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കാനും കാമ്പൈന്‍ ശ്രദ്ധിക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളും കേന്ദ്രത്തിനു നല്‍കുന്ന നികുതി വിഹിതവും അതനുസരിച്ച് തിരികെ ലഭിക്കുന്ന കേന്ദ്രധനസഹായവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചുകൊണ്ടും ചില ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹിന്ദി ഭാഷ നിര്‍ബന്ധിതമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് വിമര്‍ശനവിധേയമാവുന്ന മറ്റൊരു വിഷയം. രാജ്യം വികസിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ രാജ്യം വികസിപ്പിക്കൂ, ഹിന്ദി വികസിപ്പിക്കേണ്ട എന്നാണ് ദ്രാവിഡനാട്ടു വാദികള്‍ ഉന്നയിക്കുന്ന മറ്റൊരു വിമര്‍ശം. StopHindiChauvinism എന്ന ഹാഷ്ടാഗും ഇതിനായി ഉപയോഗത്തിലുണ്ട്.

ഇന്ത്യന്‍ യൂണിയന്റെ നിര്‍മാണകാലഘട്ടം മുതലേ നിലനിന്ന ആശയമാണ് ‘ദ്രാവിഡരാജ്യം’ എന്നത്. വലിയൊരു കാലഘട്ടം വരെ ദ്രാവിഡ പാര്‍ട്ടികളെ മുന്നോട്ടു നയിച്ച ഈ ദേശരാഷ്ട്ര സങ്കല്‍പത്തെ മുഖ്യധാരാ ദ്രാവിഡ പാര്‍ട്ടികള്‍ ഉപേക്ഷിക്കുന്നത് 1960കളിലാണ്. അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപി സര്‍ക്കാര്‍ കാലികളുടെ അറവിന് ഏര്‍പ്പെടുത്തിയ നിരോധനം ദ്രാവിഡ രാജ്യവാദത്തിനു എണ്ണയൊഴിച്ചിരിക്കുകയാണ് ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook