ജയ്പൂര്‍: രാജസ്ഥാനില്‍ ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ചെന്ന് മകന്റെ വെളിപ്പെടുത്തല്‍. ആഗസ്റ്റ് രണ്ടിനാണ് പ്രേതബാധയുണ്ടെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത്.

“എന്റെ അമ്മയെ അവര്‍ ക്രൂരമായി മര്‍ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കി നടത്തിച്ചു. മനുഷ്യവിസര്‍ജ്യം കഴിപ്പിക്കുകയും കത്തുന്ന കല്‍ക്കരി അമ്മയുടെ കയ്യില്‍ പിടിപ്പിക്കുകയും ചെയ്തു. ദയക്കു വേണ്ടിയുള്ള അമ്മയുടെ കരച്ചില്‍ ആരും കേട്ടില്ല. അവരെല്ലാം വിശ്വസിച്ചത് എന്റെ അമ്മ ദുര്‍മന്ത്രവാദിനിയാണെന്നായിരുന്നു.”- അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്‌ കാണേണ്ടി വന്ന ഒരു പതിനഞ്ചുകാൻ ഇങ്ങനെയാണ് പറഞ്ഞത്.

‘എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയും അവളുടെ സുഹൃത്തും ഞങ്ങളുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്-രാഹുല്‍ പറയുന്നു. എത്തിയ ഉടന്‍ അവര്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങി. തങ്ങളുടെ ശരീരത്തില്‍ ആത്മാക്കള്‍ ആവേശിച്ചതായി അവര്‍ അവകാശപ്പെട്ടു. എന്നിട്ട് എന്റെ അമ്മ ദുര്‍മന്ത്രവാദിനിയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അവരില്‍ ഒരാള്‍ എന്റെ അമ്മയുടെ മുടി പിടിച്ചു വലിക്കുകയും മറ്റേ പെണ്‍കുട്ടി അമ്മയെ മര്‍ദിക്കാനും തുടങ്ങി.

‘ആ സമയത്ത് എട്ടുപത്തുപേര്‍ വന്നു. ചിലര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും മലവും എടുത്തുകൊണ്ടുവന്നു. അവര്‍ എന്റെ അമ്മയെക്കൊണ്ട് മലംതീറ്റിച്ചു. ഓടയില്‍ നിന്നുമെടുത്ത വെള്ളം കുടിപ്പിച്ചു. എന്റെ കരച്ചില്‍ അവര്‍ വകവെച്ചില്ല. അമ്മയെ അവര്‍ നഗ്നയാക്കി. എന്റെ അമ്മയെ നഗ്നയാക്കി നടത്തിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ ഞാനവിടുന്ന് ഓടിപ്പോയി.’ അവന്‍ പറയുന്നു.

പിറ്റേദിവസമാണ് യുവതി മരിച്ചത്. യുവതിയെ കൊന്ന പാപം തീര്‍ക്കാന്‍ പുഷ്‌കറില്‍ പോയി മുങ്ങിവരാനാണ് ഖാപ്പ് പഞ്ചായത്ത് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടതെന്നാണ് മകന്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ