വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാക്കിസ്ഥാനോട് വീണ്ടും അമേരിക്ക. ഭീകരവാദത്തോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രതികരിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേർസ് പറഞ്ഞു.

“മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയും ലഷ്കറെ തയിബ നേതാവുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചതിനെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഉടനടി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനും വിചാരണ നടത്താനും പാക്കിസ്ഥാൻ തയ്യാറാകണം”, സാറ സാന്റേർസ് ആവശ്യപ്പെട്ടു.

“ഹാഫിസ് സയീദിനെ വിട്ടയച്ചതോടെ പാക്കിസ്ഥാൻ എത്ര നിസാരമായാണ് അന്താരാഷ്ട്ര തലത്തിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളെ സമീപിക്കുന്നതെന്ന് വ്യക്തമായി. തങ്ങൾ ഭീകരവാദത്തെ ചെറുക്കുകയാണ് എന്ന് പാക്കിസ്ഥാൻ നുണ പറയുകയാണ്”, അവർ കൂട്ടിച്ചേർത്തു.

“എല്ലാ വിധത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും ഗൗരവത്തോടെ തങ്ങൾ എതിർക്കുന്നുണ്ടെന്ന് തെളിയിക്കാൻ പാക്കിസ്ഥാന് കൈവന്നിരിക്കുന്ന സുവർണാവസരമാണിത്. ഹാഫിസ് സയീദിനെ ഉടൻ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്”, സാറ പറഞ്ഞു.

ആറ് അമേരിക്കൻ സ്വദേശികളടക്കം 166 പേർ മരിക്കാനിടയായ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. 2008 നവംബർ 26 നായിരുന്നു ആക്രമണം. ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒൻപത് വർഷങ്ങൾ പൂർത്തിയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ