വത്തിക്കാന്‍ സിറ്റി: ആഴത്തിലുള്ള സ്വവര്‍ഗ്ഗാനുരാഗ താത്പര്യമുള്ളവര്‍ കത്തോലിക്കാ സഭയുടെ പൗരോഹിത്യത്തിലേക്ക് വരരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇരട്ട ജീവിതം നയിക്കുന്നതിനെക്കാള്‍ സ്വര്‍ഗ്ഗാനുരാഗികളായ ആളുകള്‍ക്ക് നല്ലത് സഭാവസ്ത്രം ഉപേക്ഷിക്കുന്നതാണെന്നും മാര്‍പാപ്പ ഒരു പുസ്തകത്തില്‍ പറയുന്നു.

പൗരോഹിത്യം സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നവരെ വ്യക്തമായ സ്‌ക്രീനിങ് നടത്തിയതിനു ശേഷമേ തിരഞ്ഞെടുക്കാവൂ എന്ന് മാര്‍പാപ്പ നേരത്തേ പറഞ്ഞിരുന്നു. ബ്രഹ്മചര്യത്തെക്കുറിച്ചുള്ള പ്രതിജ്ഞ പാലിക്കാന്‍ കഴിയാത്തവര്‍ തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്റെ ജീവിതത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ സ്ട്രെങ്ത് ഓഫ് വോക്കേഷന്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് മാര്‍പാപ്പ വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഭയിലെ സ്വവര്‍ഗ്ഗാനുരാഗം തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചോദ്യം വളരെ ഗൗരവമേറിയ ഒന്നാണ്. പരിശീലനം നല്‍കുന്നവര്‍, പുരോഹിതരാകാന്‍ മാനുഷികമായും വൈകാരികമായും അവര്‍ക്ക് പക്വതയുണ്ടോ എന്നൂകൂടി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളാകാന്‍ വരുന്നവര്‍ക്കും ഇത് ബാധകമാണെന്നും കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്കും, കന്യാസ്ത്രീകള്‍ക്കും സന്യാസികള്‍ക്കും ബ്രഹ്മചര്യം നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook