ന്യൂഡൽഹി: കശ്മീര്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി ബിബിസി. രാജ്യാന്തര മാധ്യമങ്ങളായ ബിബിസി, റോയിറ്റേഴ്‌സ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താനവയ്‌ക്കെതിരെയാണ് ബിബിസി പരസ്യമായി രംഗത്ത്.

”ബിബിസി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചു നില്‍ക്കുന്നു. കശ്മീരിലെ സംഭവങ്ങളെ തെറ്റായി അവതരിപ്പിച്ചു എന്ന ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുന്നു. സംഭവങ്ങളെ നിഷ്പക്ഷമായും കൃത്യമായുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റേത് മാധ്യമത്തേയും പോലെ ഞങ്ങളും കര്‍ശന നിയന്ത്രണങ്ങളെ നേരിട്ടാണ് കശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഞങ്ങള്‍ തുടരും” എന്നായിരുന്നു ബിബിസിയുടെ ട്വീറ്റ്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 10000 ലധികം ആളുകള്‍ റാലി നടത്തിയെന്നായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാലിക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റും പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും വരെ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദൃക്‌സാക്ഷിയുടെ സാക്ഷ്യവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍ ഇത് നിരസിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവായ വസുധ ഗുപ്ത പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. കശ്മീര്‍ വിഷയം രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

Read More: ശ്രീനഗറില്‍ വീണ്ടും നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ തുടരുന്നു

അതേസമയം, ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ. നിയന്ത്രണങ്ങളില്‍ ഇളവുകളോടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കര്‍ഫ്യു പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ആളുകള്‍ കൂട്ടം കൂടരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും പൊലീസ് അറിയിച്ചു. കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാരാമുള്ളയിലും ശ്രീനഗറിലും കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook