ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടേയും (എസ്എഫ്ഐ) മറ്റ് വിദ്യാര്‍ഥി സംഘടനകളുടേയും പ്രഖ്യാപനത്തിന് പിന്നാലെ നടപടിയുമായി ഡല്‍ഹി പൊലീസ്.
ഏഴ് വിദ്യാര്‍ഥികളെ തടങ്കലിലാക്കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് സര്‍വകലാശാല മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ തടങ്കലിലാക്കാനുള്ള കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അസീസ്, ജാമിയ മിലിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി; ജാമിയ മിലിയ വിദ്യാര്‍ഥിയും എസ്എഫ്ഐ സൗത്ത് ഡല്‍ഹി ഏരിയ വൈസ് പ്രസിഡന്റ് നിവേദ്യ; ജാമിയ മിലിയ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അഭിരാം, തേജസ് എന്നിവരെ മൃഗീയമായ രീതിയിലാണ് തടങ്കലിലാക്കിയിരിക്കുന്നതെന് എസ്എഫ്ഐ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
എന്നിരുന്നാലും, ഡോക്യുമെന്ററിയും പ്രദര്‍ശനം അനുവദിക്കില്ലെന്നും “സർവകലാശാലയുടെ സമാധാനപരമായ അക്കാദമിക് അന്തരീക്ഷം നശിപ്പിക്കാൻ” നിക്ഷിപ്ത താൽപ്പര്യമുള്ള ആളുകളെയും സംഘടനകളെയും തടയാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്.