ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും ചിത്രീകരണം നടത്തുന്നതിൽ ബിബിസിക്ക് (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷൻ) സര്‍ക്കാര്‍ വിലക്ക്. “ഇന്ത്യയുടെ യശസ്സിനു കോട്ടം വരുത്തി” എന്നു കാണിച്ചാണ് ബിബിസിക്കു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ പത്തു മുതലാണ് ബിബിസിക്കെതിരെ അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബിബിസിയുടെ ഡോക്യുമെന്‍ററികളുടെയും വാര്‍ത്ത റിപ്പോർട്ടുകളുടേയും ചിത്രീകരണത്തിനു ഈ വിലക്ക് ബാധകമാവും.

അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗവേട്ടയെക്കുറിച്ച് ബിബിസിയുടെ തെക്കേ ഏഷ്യന്‍ പ്രതിനിധിയായ ജസ്റ്റിന്‍ റൗളറ്റ് നല്‍കിയ റിപ്പോര്‍ട്ട്‌ ‘വളരെ അയഥാര്‍ത്ഥമാണ്’ എന്ന് വിമര്‍ശിച്ച ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എന്‍സിടിഎ) ഫെബ്രുവരി പതിനഞ്ചിനകം ഇതുസംബന്ധിച്ച് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ബിബിസിക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിബിസിക്ക് ഇന്ത്യയിലെ കാടുകളില്‍ ചിത്രീകരണ അനുമതി അനുവദിച്ചു നല്‍കരുത് എന്ന് ആവശ്യപ്പെട്ട് എന്‍സിടിഎ ഫെബ്രുവരി 27 ന്, എല്ലാ സംരക്ഷിത കടുവാ മേഖലകളിലേക്കും മോമറോണ്ടം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.

ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബിബിസിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ ദേശീയോദ്യാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഏപ്രില്‍ പത്തിന് ചേര്‍ന്ന മന്ത്രാലയത്തിന്‍റെ യോഗം തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ