ബെംഗളൂരു: മുടി സ്ട്രൈറ്റനിങ് ചെയ്തതിന് പിന്നാലെയുണ്ടായ അമിതമായ മുടി കൊഴിച്ചിലില്‍ മനംനൊന്ത് കൗമാരക്കാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ബ്യൂട്ടി പാർലറിൽ നടത്തിയ കേശാലങ്കാരം പാളിയതിനെ തുടർന്നുള്ള മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൈസൂരുവിൽ വിദ്യാർഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയിൽ ചാടി മരിച്ചത്. മൃതദേഹം കാവേരി ലക്ഷ്മണ തീർഥയിൽനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലര്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മൈസൂരു വിവി മൊഹല്ലയിലെ ബ്യൂട്ടി പാർലറിൽ മുടി ‘സ്ട്രൈറ്റൻ’ ചെയ്ത പെണ്‍കുട്ടി അമിതമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. ‘ദിനംപ്രതി മുടി കൊഴിയുന്നത് കാരണം ഇനി താന്‍ കോളേജിലേക്ക് പോവുന്നില്ലെന്ന് മകള്‍ പറഞ്ഞിരുന്നു. മുടി സ്ട്രൈറ്റനിങ് ചെയ്തതിന് പിന്നാലെ തൊലിയിലും അലര്‍ജി കണ്ടുതുടങ്ങി. ക്ലാസില്‍ പോയാല്‍ മറ്റ് കുട്ടികള്‍ ചോദ്യം ചെയ്യുമെന്ന് നേഹ ആശങ്കപ്പെട്ടിരുന്നു’, നേഹയുടെ മാതാവ് പറഞ്ഞു.
മനോവിഷമം കാരണം കോളേജിൽ പോകാൻ കഴിയുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും അറിയിച്ചെങ്കിലും നേഹ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ മൈസൂരു ജയലക്ഷ്മിപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്.
സെപ്റ്റംബര്‍ 1നാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 28ന് കാണാതായ നേഹ അന്ന് തന്നെ നദിയില്‍ ചാടിയെന്നാണ് നിഗമനം. ‘അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മുടിയുടെ സാമ്പിളും ശേഖരിച്ചു. നേഹയുടെ സ്ഥിതി മോശമാവാന്‍ കാരണം ബ്യൂട്ടി പാര്‍ലര്‍ അധികൃതര്‍ ഉപയോഗിച്ച കെമിക്കല്‍ ആണെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും’, പൊലീസ് വ്യക്തമാക്കി. മൈസുരുവിൽ എംബിഎ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നേഹ.