ലണ്ടൻ: കോവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്ര പരിചരണ വിഭാഗത്തിൽ. തിങ്കളാഴ് രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന ഐസിയുവിലേക്ക് മാറ്റുകയും ചെയ്തതായി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലാണ് അദ്ദേഹം.

Read More: പ്രമുഖ നടൻ കലിംഗ ശശി അന്തരിച്ചു

“ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രിയുടെ നില വഷളായി. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.”

ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ജോൺസണെ ഐസിയുവിലേക്ക് മാറ്റിയതിനാൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ അധിക ചുമതലയേറ്റു. ആവശ്യമുള്ള സമയങ്ങളില്‍ തനിക്ക് പകരക്കാരന്‍ ആകാന്‍ പ്രധാനമന്ത്രി വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചുവെന്ന് വക്താവ് അറിയിച്ചു.

മാര്‍ച്ച് 27-ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തിന് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കഠിനമായി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്വയം ഐസോലേഷനിലേക്ക് മാറിയിരുന്നു. എങ്കിലും ഭരണത്തിന്റെ ചുമതല അദ്ദേഹത്തിന് തന്നെയായിരുന്നു.

മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നായിരുന്നു ബോറിസ് ജോൺസന്റെ ഓഫീസ് നല്‍കിയ വിശദീകരണം. യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം രോഗം ഭേദമായി ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സും ഐസൊലേഷനിലാണ്.

അതേസമയം, ലോകത്താകമാനം കൊറോണ വൈറസ് നിയന്ത്രണമില്ലാതെ വ്യാപിക്കുകയാണ്. ബ്രിട്ടിനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook