ഷില്ലോംഗ്: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻറിലും മേഘാലയയിലും നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ് നടക്കുക. ചിലയിടങ്ങളില്‍ വൈകിട്ട് 3 മണിയോടെ വോട്ടിംഗ് അവസാനിപ്പിക്കും.

എന്‍സിപി സ്ഥാനാര്‍ത്ഥിയായ ജൊനാഥന്‍ എസ് സംഗ്മ ഫെബ്രുവരി 18ന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വില്യംനഗറില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. അംഗാമി -2 മണ്ഡലത്തില്‍ നിന്നും എന്‍ഡിപിപി നേതാവ് നൈഫ്യു റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയ്ക്കൊപ്പം മാർച്ച് മൂന്നിന് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം.

അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനാൽ ശക്തമായ പ്രചരണമാണ് ബി.ജെ.പി നടത്തിയത്.

അതേസമയം ദേശീയ തലത്തിൽ ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കോൺഗ്രസിന് മേഘാലയിലെ തിരഞ്ഞെടുപ്പ് നിർണായകമാണ്. പത്ത് വർഷമായി ഭരണത്തിലുള്ള മേഘാലയ നഷ്ടമായാൽ അത് കോൺഗ്രസിനും പുതിയതായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധിക്കും കനത്ത തിരിച്ചടിയാകും. എന്നാൽ 60 അംഗങ്ങളുളള മേഘാലയയിൽ ഇത്തവണ മത്സരിക്കാൻ 16 പേർ മാത്രമേ കോൺഗ്രസിൽ നിന്ന് തയ്യാറായുളളൂ. നിരവധി പേർ ബിജെപിയിലേക്ക് കൂറുമാറിയത് നേരത്തേ തന്നെ കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ