ഛണ്ഡീഗഡ്: ഏപ്രില്‍ 12 ന് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാല് ജവാന്മാര്‍ കൊലപ്പെട്ട സംഭവത്തില്‍ ഒരു സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12 ന് പുലര്‍ച്ചെ നടന്ന വെടിവെപ്പിന് ശേഷം മുഖംമൂടി ധരിച്ച രണ്ട് പേര്‍ കുര്‍ത്ത പൈജാമ ധരിച്ച് സമീപത്തെ വനത്തിലേക്ക് ഓടുന്നത് കണ്ടതായി വ്യാജ മൊഴി നല്‍കിയ ദൃക്സാക്ഷിയാണ് ഇയാള്‍.
സൈനികന്റെ അറസ്റ്റ് സ്ഥിരീകരിച്ചതായി ഭട്ടിന്‍ഡ എസ്എസ്പി ഗുല്‍നീത് സിങ് ഖുറാന ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ നാല് ജവാന്മാരെ കൊലപ്പെടുത്തിയതിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഗുല്‍നീത് സിങ് ഖുറാന തയാറായില്ല. ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
നാല് ജവാന്‍മാര്‍ ആക്രമണം നടത്തിയ സൈനികനെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമായതായി വൃത്തങ്ങള്‍ പറഞ്ഞു. ”കൊലപാതകം നടന്ന രാത്രി അക്രമി ജവാന്‍മാര്‍ ഉറങ്ങാന്‍ പോയോ എന്ന് രണ്ടുതവണ പരിശോധിച്ചിരുന്നു. പുലര്‍ച്ചെ 3 മണിക്കും പുലര്‍ച്ചെ 4 മണിക്കും വീണ്ടും പരിശോധിച്ചു, ഒടുവില്‍ അടുത്തുള്ള ഒരു സെന്‍ട്രി പോസ്റ്റില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച റൈഫിള്‍ ഉപയോഗിച്ച് കുറ്റകൃത്യം നടത്തി” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏപ്രില്‍ 12 ന് നടന്ന ആക്രമണത്തിന് ശേഷം സൈന്യം ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏപ്രില്‍ 12 ന് വൈകുന്നേരം മറ്റൊരു ജവാന്‍ ആത്മഹത്യയെ തുടര്‍ന്ന് മരിച്ചിരുന്നുവെങ്കിലും ഈ മരണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തയില്ല. ഇയാളെ ഭട്ടിന്‍ഡയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.