കര്‍ണാടക നിയമസഭ തിരഞ്ഞടെപ്പിനെ ബിജെപി ഒരു കൂട്ടായ നേത്യത്വത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബൊമ്മൈയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ സുഖകരമായ വിജയം ബിജെപിക്ക് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
രണ്ട് പ്രമുഖ ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. പ്രസ്തുത സമുദായത്തിന് ആധിപത്യമുള്ള മേഖലകളില്‍ ഇത് തിരിച്ചടിയാകുമോ?
അവര്‍ പോയതുകൊണ്ട് എന്തെങ്കിലും മാറ്റം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ. പാര്‍ട്ടിയാണ് അവരെ നേതാക്കന്മാരാക്കിയത്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടിയില്ലാതെ നേതാക്കന്മാരില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് ലിംഗായത്ത് വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ബിജെപിയുടെ കേന്ദ്ര നേതൃത്വം അതിനോട് താല്‍പ്പര്യം കാണിച്ചിട്ടില്ല. മറ്റ് സമുദായങ്ങള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നിട്ടാണോ അത്തരം തീരുമാനങ്ങളിലേക്ക് കടക്കാതിരിക്കുന്നത്?
ഇത്തരം ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിന്റെ സമയങ്ങളില്‍ ഉണ്ടാകാറുണ്ട്. പക്ഷെ അത് തിരിച്ചടിയാകില്ല. ഞങ്ങളുടേത് ഒരു ദേശിയ പാര്‍ട്ടിയാത്. ശരിയായ സമയത്ത് കൃത്യമായ തീരുമാനം എടുക്കു. മുന്‍കൂട്ടിക്കണ്ട് തീരുമാനം എടുക്കാറില്ല. ലിംഗായത്ത് വിഭാഗം കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. അവരുടെ പിന്തുണ ഞങ്ങള്‍ നിലനിര്‍ത്തും. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ആര് മുഖ്യമന്ത്രിയാകണമെന്നതില്‍ തീരുമാനം.
ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് പോലുള്ള മറ്റ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ നേരിട്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിച്ചല്ലെ?
അല്ല, യുപിയില്‍ അത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. ജനങ്ങളാണ് അനുമാനിച്ചതും ഉയര്‍ത്തിക്കാണിച്ചതും.
നിങ്ങളും ബി എസ് യെദ്യൂരപ്പയും മറ്റുള്ളവരും ഉൾപ്പെടുന്ന സംയുക്ത നേതൃത്വത്തിന് കീഴിലാണ് കർണാടകയിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പൊതുവെ സർക്കാരിനെ നയിക്കുന്ന വ്യക്തിയാണ് ഇക്കാര്യത്തിൽ നേതൃത്വം നൽകുന്നത്. ഒറ്റ നേതൃത്വത്തിന് കീഴിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതുകൊണ്ടാണോ ഇങ്ങനെ?
അത്തരം ആശയക്കുഴപ്പങ്ങള്‍ ഇല്ല. ഓരോ സംസ്ഥാനത്തും രാഷ്ട്രിയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ആ ഉത്തരവാദിത്തം ലഭിക്കണമെന്നില്ല. അതിനാല്‍ ഞങ്ങള്‍ കൂട്ടായ നേതൃത്വത്തിന് കീഴില്‍ പോരാടുന്നു. ജനവിധി തേടുക എന്നതാണ് പ്രധാനം, അല്ലാതെ എങ്ങനെ നേടുന്നു എന്നുള്ളതല്ല.
വിവിധ സമുദായങ്ങളെ ഒപ്പം നിര്‍ത്താന്‍ എന്തൊക്കെ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്, ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുറപ്പിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതായി വരും?
ലിംഗായത്ത് വിഭാഗത്തിന്റെ വോട്ടുകള്‍ ഇതിനോടകം തന്നെ ഉറപ്പിച്ചതാണ്. അതിനായി ഒന്നും ചെയ്യേണ്ടതില്ല. അവര്‍ പരമ്പരാഗതമായി ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസ് ലിംഗായത്ത് വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി ലിംഗായത്ത് വിഭാഗങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊക്കെ എത്തിയിരുന്നു, അത് കോണ്‍ഗ്രസിനെ സഹായിച്ചൊ?
എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ സംവരണ നയം കാരണം ഒരു വലിയ വിഭാഗം ബിജെപ്പിയിലേക്ക് എത്തി. അതുകൊണ്ട് കോണ്‍ഗ്രസ് വലിയ പ്രശ്നം നേരിടുകയാണ്. ഈ വിഷയം മറച്ച് വയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടുത്തിടെ നിങ്ങളെ ‘അഴിമതിക്കാരനായ മുഖ്യമന്ത്രി’ എന്നാണ് വിളിച്ചത്?
സിദ്ധരാമയ്യ എന്നെ മികച്ച മുഖ്യമന്ത്രി എന്ന് വിളിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അദ്ദേഹം പ്രതിപക്ഷത്താണ്. ഇക്കാര്യത്തിലെ സത്യം എന്താണെന്ന് വച്ചാല്‍ ഞങ്ങള്‍ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി അദ്ദേഹമാണ്. ഏകദേശം 60 കേസുകളാണ് അദ്ദേഹത്തിനും മന്ത്രിസഭാ അംഗങ്ങള്‍ക്കുമെതിരെയുള്ളത്. അതുകൊണ്ടാണ് ലോകായുക്തയുടെ അധികാരം അദ്ദേഹം വെട്ടിച്ചുരുക്കിയത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും അങ്ങനെ ചെയ്തിട്ടില്ല.
ജെഡിഎസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ എത്രത്തോളമാണ്?
ദക്ഷിണകര്‍ണാടകയിലാണ് ജെഡിഎസ് ആധിപത്യം. പക്ഷെ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു മാറ്റത്തിന്റെ സൂചനയുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി അവര്‍ കോണ്‍ഗ്രസിനും ജെഡിഎസിനുമാണ് വോട്ട് ചെയ്യുന്നത്. ഇപ്പോള്‍ യുവാക്കള്‍ മാറ്റം ആഗ്രഹിക്കുന്നു. 18-40 വയസുവരെയുള്ള വോട്ടര്‍മാര്‍ ബിജെപിയോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അവിടെ ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാനാകും.
കോണ്‍ഗ്രസും ജെഡിഎസും എത്ര സീറ്റ് നേടുമെന്നാണ് കരുതുന്നത്?
പ്രവചിച്ച് പറയാന്‍ ജ്യോതിഷിയല്ല. എന്റെ പാര്‍ട്ടി മികച്ച ഭുരിപക്ഷം ഉറപ്പാക്കും.
സംസ്ഥാനത്തിന്റെ സംവരണ നയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുസ്ലിം സമുദായത്തിന്റെ സംവരണം ഒഴിവാക്കിയ നടപടിയില്‍ പിഴവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം
നിങ്ങള്‍ക്ക് തെറ്റുപറ്റി. കോടതി അത്തരം നിരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. അന്തിമ വാദം കേള്‍ക്കുന്നത് വരെ നടപടി വേഗത്തിലാക്കില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. മേയ് ഒൻപതിന് കോടതി കേസ് കേള്‍ക്കും. എന്താണ് പറയുന്നത് നമുക്ക് നോക്കാം. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംവരണത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന പ്രശ്നം പ്രതിപക്ഷത്തിന് ആയുധമാകുമോ?
ഒരിക്കലുമില്ല, ജനങ്ങള്‍ക്ക് അറിയാം ഞങ്ങളുടെ പോരാട്ടം എന്തിനാണെന്നത്. ന്യൂനപക്ഷ സമുദായത്തിലെ ചില വിഭാഗങ്ങളും പുതിയ സംവരണ നയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ ജനങ്ങള്‍ക്കിടയില്‍ ഏല്‍ക്കില്ല.
കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പക്ഷെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിരവധി സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നാണ്
കുടുംബ രാഷ്ട്രീയം വ്യത്യസ്തമാണ്. ചില പാര്‍ട്ടികളില്‍ പിതാവ് മുഖ്യമന്ത്രിയായാല്‍ അടുത്ത മുഖ്യമന്ത്രി മകനായിരിക്കും. ഇത്തരം കാര്യങ്ങള്‍ ബിജെപിയില്‍ ഇല്ല. പിതാവ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയാല്‍ മാത്രം ചില കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കാറുണ്ട്. അതും അവര്‍ ദീര്‍ഘനാളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണെങ്കില്‍ മാത്രം.