മധുര: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പെൺകുട്ടികളെ ദേവതകളാക്കിയുള്ള ആചാരം നടത്തുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു. മധുരയിലെ ഒരു ക്ഷേത്രത്തിലെ ആചാരം വിവാദമായതോടെ പെൺകുട്ടികൾ നെഞ്ച് മറയുന്ന വസ്ത്രം ധരിച്ചതായി ഉറപ്പുവരുത്താൻ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദേവതകളെ പോലെ അലങ്കരിച്ച ഏഴ് പെൺകുട്ടികളുടെ ഫോട്ടോ പുറത്തുവന്നതിനെ തുടർന്നാണ് ഇത് വിവാദമായത്. ആഭരണങ്ങൾ മാത്രം ധരിച്ച് മാറ് മറക്കാത്ത രീതിയിലാണ് പെൺകുട്ടികൾ. ക്ഷേത്രത്തിലെ വാർഷിക ആചാരത്തിന്റെ ഭാഗമായി ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തിൽ 15 ദിവസം ഇവർ ചെലവഴിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അയക്കുകയുള്ളു.


കടപ്പാട്: എൻഡിടിവി

ഒരു പുരാതന ആചാരമാണിതെന്നും മാതാപിതാക്കൾ സ്വന്തം പെൺകുട്ടികളെ സ്വമേധയാ അയക്കുകയാണ് പതിവെന്ന് മധുര കലക്ടർ കെ. വീര രാഘവ റാവു പറഞ്ഞു. പെൺകുട്ടികൾ ഉപദ്രവിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി കലക്ടർ അറിയിച്ചു. ‘പെൺകുട്ടികൾ വസ്ത്രം ധരിക്കണമെന്ന് ഞങ്ങൾ ഗ്രാമത്തിലുള്ളവരെ അറിയിച്ചു. അവർക്ക് അവരുടെ വസ്ത്രങ്ങൾക്ക് മേൽ ആഭരണങ്ങൾ ധരിക്കാം’ കലക്ടർ വ്യക്തമാക്കി. ക്ഷേത്രത്തിൽ കുട്ടികളെ ഇതുവരെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും കുട്ടികളെ ദേവതകളെപ്പോലെയാണ് കാണുന്നതെന്നും കലക്ടർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ