കാംബ്രിൽസ്​: ബാർസലോണയിൽ 13 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രിൽസിൽ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകർത്തതായി സ്​പാനിഷ്​ പൊലീസ്​. കാംബ്രിൽസിൽ ആക്രമണത്തിനു തയറാറെടുത്ത്​ ബെൽറ്റ്​ ബോംബ്​ ധരിച്ചെത്തിയ അഞ്ചംഗസംഘം കാർ ആൾക്കൂട്ടത്തിലേക്ക്​ ഇടിച്ചു കയറ്റിയാണ്​ ആക്രമണത്തിനു ശ്രമിച്ചത്​. കാറി​ലെത്തിയ അഞ്ച്​ ഭീകരരെയും പൊലീസ് വധിച്ചു. അവർ ധരിച്ചിരുന്ന സ്​ഫോടക വസ്​തുക്കൾ നിർവീര്യമാക്കിയതായും പൊലീസ്​ അറിയിച്ചു.

രണ്ടാമതും ആക്രമണമുണ്ടായതിനെ തുടര്‍ന്ന് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം അല്‍കാനറില്‍ ഒരാള്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാന്‍ ആക്രമണത്തിനും സ്‌ഫോടനത്തിനും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധനയില്‍ ആണ് പോലീസ്. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബാഴ്‌സിലോണയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണം നടന്ന സെൻട്രൽ ബാർസിലോനയിലെ ലാസ് റാംബ്‌ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങൾക്കു പ്രവേശമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാൻ കൂടി പൊലീസ് നഗരപ്രാന്തത്തിൽനിന്നു കണ്ടെത്തി. ഇന്ത്യക്കാർ ആരും ഉൾപ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളിൽ കഴിയാനും നിർദേശം നൽകി. 2004ൽ മഡ്രിഡിൽ ട്രെയിനിൽ അൽ ഖായിദ നടത്തിയ ബോംബ് സ്ഫോടനത്തിൽ 191 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളിൽ നൂറിലേറേപ്പേരാണു നീസ്, ബെർലിൻ,ലണ്ടൻ, സ്റ്റോക്കോം എന്നിവിടങ്ങളിൽ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ