ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ മുസ്ലീം ജനസംഖ്യയെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും വേണമെന്നും അവരെ ഉള്‍ക്കൊള്ളുന്നതായും ഇന്ത്യക്കാരായി കണക്കാക്കുന്നതായും അനുഭവപ്പെടേണ്ടത് ആവശ്യമാണ് എന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസ് നേതൃ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
2015ല്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ഇതിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഒബാമ, മതപരമായ സഹിഷ്ണുതയെ കുറിച്ചും ഒരു വ്യക്തി സ്വന്തം വിശ്വാസം പിന്തുടരുന്നതിന്റെ അവകാശങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നതായി പറഞ്ഞു.
പാക്കിസ്ഥാന് ഭീകരവാദത്തെ പിന്താങ്ങുന്നുവോയെന്ന ചോദ്യത്തിനോടും ഒബാമ പ്രതികരിച്ചു. “ഉസാമ ബിന്‍ ലാദന്റെ സാന്നിധ്യത്തെ കുറിച്ച് പാക്കിസ്ഥാന് അറിവുള്ളതായി നമുക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. പക്ഷെ എന്തിരുന്നാലും ഞങ്ങള്‍ ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു” എന്നായിരുന്നു അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ മറുപടി.