മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹര്‍ എന്നയാളുടെ പിതാവായ നിസാര്‍ അഹമ്മദ് സയിദാണ് മുംബൈ എന്‍ഐഎ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബിജെപിയില്‍ ചേര്‍ന്ന സാധ്വിയെ ഭോപ്പാല്‍ ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരായി മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെയാണ് ഹര്‍ജി.
മാലെഗാവില്‍ 2008ല്‍ നടന്ന സ്‌ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഹര്‍ജിയ്ക്ക് മറുപടി നല്‍കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വി.എസ്.പദാല്‍കര്‍ സാധ്വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദക്കേസില്‍ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂർ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞാണ് ജാമ്യം നേടി ജയില്‍ മോചിതയായത്. ജാമ്യത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്.
Read: സാധ്വി പ്ജ്ഞ സിങ് ബിജെപിയില്‍ ചേർന്നു; ഭോപ്പാലില്‍നിന്ന് മത്സരിക്കും
സാധ്വിയുടെ ജാമ്യത്തേയും വിടുതല്‍ ഹര്‍ജിയേയും എതിര്‍ത്താണ് ഇരയുടെ പിതാവ് കോടതിയെ സമീപിച്ചത്. സാധ്വിക്കെതിരായി എന്‍ഐഎയ്ക്ക് ഒന്നും പറയാനില്ലാത്തതാണ്, നിലവിലെ സംഭവ വികാസങ്ങള്‍ കോടതിയെ അറിയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാലെഗാവ് സ്‌ഫോടനത്തെ ‘കാവി ഭീകരത’ എന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസിനെ ശിക്ഷിക്കാനാണ് പ്രജ്ഞ സിങ്ങിന് പാര്‍ട്ടി അംഗത്വവും സ്ഥാനാര്‍ഥിത്വവും നല്‍കിയതെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ഭുവനേശ്വറില്‍ പറഞ്ഞിരുന്നു.
പ്രജ്ഞ സിങ് ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി എംപി ജി.വി.എല്‍.നരസിംഹ റാവുവിന് നേരെ കഴിഞ്ഞദിവസം ചെരുപ്പേറ് നടന്നിരുന്നു. കാണ്‍പൂര്‍ സ്വദേശിയായ ഡോക്ടര്‍ ശക്തി ഭാര്‍ഗവയാണ് ഷൂ എറിഞ്ഞത്. ഡൽഹി ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ആയിരുന്നു സംഭവം.