ചെന്നൈ: ഉപയോക്താക്കളെക്കൊണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങിപ്പിക്കാനായി പലരും പല അടവുകളും പ്രയോഗിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനവുമായി ബാര്‍ ഉടമസ്ഥര്‍ പരസ്യം ചെയ്യുന്നത് ഒരു പുതിയ കാഴ്ചയായിരിക്കും. ഇത്തരത്തിലൊരു പരസ്യം ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ചെന്നൈ ട്രിപ്ലിക്കേനിലെ ബാര്‍ മാനേജര്‍മാര്‍.

വല്ലഭ അഗ്രഹാരം സ്ട്രീറ്റിലെ മൗണ്ട് റിവര്‍ ഹോട്ടലിലാണ് ഇങ്ങനെയൊരു ഓഫര്‍ നല്‍കിയത്. ആയിരം രൂപയിലധികം മദ്യപിക്കുന്നവര്‍ക്ക് ലക്കി ഡ്രോയില്‍ പങ്കെടുക്കുകയും ഇതുവഴി ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാമെന്നാണ് ഇവര്‍ പരസ്യം ചെയ്തത്.

ആയിരം രൂപയിലധികം മദ്യപിക്കുന്നവര്‍ക്ക് 32 ഇഞ്ച് വലിപ്പത്തിലുള്ള ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ബാര്‍ മാനേജര്‍മാരായ ഡബ്ല്യൂ. വിന്‍സെന്റ് രാജ്, ജെ.റിയാസ് അഹമ്മദ് എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍, ഉപയോക്താക്കളെ പ്രലോഭിപ്പിക്കാനാണ് ഇത്തരത്തില്‍ പരസ്യം ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് കച്ചവടം കൂട്ടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

ഹോട്ടലും ബാറും എസ്.എം.കെ.മുഹമ്മദ് അലി ജിന്ന എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ്. ഇദ്ദേഹം എഐഎഡിഎംകെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook