പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ മുംബൈയിലെ നാഗ്‌പാഡയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ രാപകൽസമരം തുടങ്ങിയിട്ട് ഒമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഷഹീൻ ബാഗിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലും വീട്ടമ്മമാർ തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങിയത്. തെക്കന്‍ മുംബൈയിലെ നാഗ്‌പാഡയിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്.
രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുദ്ദേശിച്ചുള്ള പൗരത്വനിയമഭേദഗതി പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് സമരക്കാർ പറയുന്നത്. റിപ്പബ്ലിക് ദിനം മുതല്‍ സമരം ആരംഭിക്കുന്നത് ഒരു സൂചനയാണെന്നും സമരക്കാര്‍ പറഞ്ഞിരുന്നു.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഈ സമരത്തിന് തങ്ങൾക്ക് പ്രചോദനം ഷഹീൻ ബാഗിൽ സമരം ചെയ്യുന്ന സ്ത്രീകളാണെന്ന് ഇവർ പറയുന്നു.
ഷഹീൻബാഗിലെ സമരക്കാർക്കും പൗരത്വനിയമഭേദഗതിക്കെതിരേ പ്രതികരിച്ചതിന്റെപേരിൽ ജയിലിൽ കിടക്കേണ്ടിവന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തങ്ങളുടെ സമരമെന്നും അവർ വ്യക്തമാക്കുന്നു.
റിപ്പബ്ലിക് ദിനത്തിൽ രാത്രി മുഴുവൻ മൊർലാൻഡ് റോഡിലെ അറേബ്യ ഹോട്ടലിനുമുന്നിൽ ഇരുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നുള്ള ദിവസങ്ങളിലും അവർ അത് തുടർന്നു. ഇന്ന് ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ് സമരം.
ഹിന്ദു മുസ്ലിം ഐക്യവും സാഹോദര്യവും നിലനിര്‍ത്തണമെന്നാണ് അവരുടെ മുദ്രാവാക്യം. മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് നാഗ്പാഡ എസ്‌ഐ ശാലിനി ശര്‍മ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രതിഷേധിക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്ത്രീകളെ പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല എന്നീ വിഷയങ്ങളെല്ലാം സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സർക്കാർ ഈ രാജ്യത്തെ ജനങ്ങളോടും സമരക്കാരോടും ചെയ്തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഈ സ്ത്രീകൾ ഉച്ചത്തിൽ പറയുന്നു.
വീട്ടുജോലിക്ക് പോകുന്ന സ്ത്രീകൾ മുതൽ സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവർ വരെ സമരത്തിന്റെ മുമ്പിലുണ്ട്. ജോലിക്ക് പോകുന്ന വീട്ടില്‍ നിന്ന് അവധി ചോദിച്ചാണ് അവര്‍ സമരത്തിന് എത്തിയിരിക്കുന്നത്.
ഷഹീൻ ബാഗ് മാതൃകയിലുള്ള ഈ സമരം ഇപ്പോൾ അറിയപ്പെടുന്നത് മുംബൈ ബാഗ് എന്നാണ്. “മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ ഭിന്നിപ്പിക്കുന്ന വിവേചനപരമായ നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഈ പ്രതിഷേധം തുടരും,” പ്രതിഷേധക്കാരിയായ സകിന ഷെയ്ഖ് പറഞ്ഞു.
‘ഹം ഭാരത് കെ ലോഗ്’ എന്ന കൂട്ടായ്‌മയാണ് ഈ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. സാമുദായിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും അഹിംസാത്മക ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി ‘മുംബൈ ബാഗ്’ ഇപ്പോൾ മാറിയിട്ടുണ്ടെന്ന് ‘ഹം ഭാരത് കെ ലോഗിന്റെ’ പ്രതിനിധി ഫിറോസ് മിത്തിബോർവാല പറഞ്ഞു.
സിഎഎയ്‌ക്കെതിരെ സംസ്ഥാന നിയമസഭയിൽ മഹാരാഷ്ട്ര സർക്കാർ പ്രമേയം പാസാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നിയമ വിദ്യാർത്ഥിനി ഫാത്തിമ ഖാൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നീക്കങ്ങളാണ് തങ്ങളെ ഇവിടെ വരെ എത്തിച്ചതെന്നും ഫാത്തിമ പറയുന്നു.
ചിത്രങ്ങൾ: നിർമൽ ഹരീന്ദ്രൻ, ഗണേഷ് ഷിർസേക്കർ