scorecardresearch
Latest News

പുതുതലമുറ ബാങ്കുകളുടെ പോക്കറ്റടി

സ്വന്തം പണം എടുക്കാൻ പോലും ഫീസ് നൽകണമെന്ന സമീപനം ആ പണമുപയോഗിച്ച് നേട്ടമുണ്ടാക്കുന്ന ബാങ്കുകൾ ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ജനദ്രോഹമാണ്

bank, fees, hdfc, icici,axis,atm

നോട്ട് നിരോധനത്തിന് പിന്നാലെ പൗരജീവിതത്തിന്റെ നടുവൊടിച്ച് പുതിയ ബാങ്കിങ് ഫീസുകൾ. സ്വന്തം പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും വൻതുക ഈടാക്കാനുള്ള മൂന്ന് പുതുതലമുറ ബാങ്കുകളുടെ തീരുമാനം സാധാരണ ജീവിതത്തിന് മേൽ കനത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക. ആകെ നാല് ഇടപാടുകൾ മാത്രമാണ് എച്ച് ഡി എഫ് സി, ഐ സി ഐ സി, ആക്സിസ് എന്നീ ബാങ്കുകൾ പണമീടാക്കാതെ നടത്താൻ അനുവദിക്കുന്ന ഇടപാട്. ഇത് സാധാരണ ജീവിതത്തെ മാത്രമല്ല, ബാങ്കുകൾക്കും തിരിച്ചടിയാകും.

പണം നിക്ഷേപിക്കാനം പണം എടുക്കാനും കൂടെയാണ് നാല് തവണ ഒരുമാസം പണമീടാക്കാതെ അനുമതിയുളളത്. അതിനുശേഷമുളള ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കാനുളള തീരുമാനമാണ് ഈ ബാങ്കുകൾ എടുത്തിട്ടുളളത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് നിലവിലത്തെ സാഹചര്യത്തിൽ കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. നിത്യനിദാന ചെലവുകൾക്ക് നാണയം/ നോട്ട് തന്നെയാണ് ഇടപാടിന് നിലവിലത്തെ സാഹചര്യത്തിൽ സഹായകമാകുക.  

ഉദാഹരണത്തിന് വീട്ടിലോ കടയിലോ കൊണ്ടുവരുന്ന പാചകവാതകത്തിന് പണമായി തന്നെ നൽകേണ്ടിവരും. അവിടെ കാർഡോ മൊബൈൽ ബാങ്കിങ്ങോ നെറ്റ് ബാങ്കിങ്ങോ നിലവിൽ സാധ്യമല്ലെന്നത് വസ്തുതയാണ്. ഇതേ അവസ്ഥ തന്നെയാണ് പാൽ, പച്ചക്കറി, പലചരക്ക്, മാംസം, മത്സ്യം തുടങ്ങിയവയുടെ കാര്യത്തിലും ഇതു തന്നെയാണ് നേരിടുന്ന പ്രതിസന്ധി.

അടിസ്ഥാന സൗകര്യങ്ങളും സാന്പത്തിക വിദ്യാഭ്യാസവും നൽകാതെ പണമിടപാടുകൾ ഡിജിറ്റലാക്കി മാറ്റാനുളള നീക്കം ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുകയെന്ന് ബാങ്കിങ്ങ് മേഖലയിലെവിദഗ്‌ദ്ധർ തന്നെ പറയുന്നു. വിദ്യാഭ്യാസത്തിലും ആധുനിക സൗകര്യങ്ങളിലും സാമൂഹിക വളർച്ചയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ പോലും ഈ രണ്ട് കാര്യങ്ങളിലും വളരെ പിന്നിലാണ്. മൊബൈൽ ബാങ്കിങ്ങ് ശക്തിപ്പെടുത്താൻ ഉളള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം നിരക്കുകളുടെ കുത്തനെയുളള​വർധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ ക്യാഷ്‌ലെസ് സംവിധാനത്തിലേയ്ക്ക് എത്താനുളള അടിസ്ഥാന സൗകര്യങ്ങൾ നഗരങ്ങളിൽ പോലും ലഭ്യമല്ല. കേരളത്തിലെ പ്രധാന നഗരങ്ങളിൽ പോലും മുപ്പത് ശതമാനത്തിൽ താഴെ സ്ഥാപനങ്ങളിൽ മാത്രമാണ് കാർഡ് സ്വൈപിങ് സംവിധാനങ്ങളുളളത്. ഇതിൽ തന്നെ പലയിടത്തും കൃത്യമായി പ്രവർത്തിക്കാത്തതുമാണ്. പലപ്പോഴും തിരക്കുകൾ വർധിക്കുമ്പോൾ ഇടപാടുകൾ തകരാറിലാകുന്നത് നോട്ട് നിരോധനകാലത്ത് അനുഭവപ്പെട്ടതുമാണ്. പലയിടത്തും നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ കാർഡ് സ്വീകരക്കുകയുള്ളൂവെന്ന് അലിഖിത നിയമവും നിലനിൽക്കുന്നുണ്ട്.

ബാങ്കിൽ നിന്നും പണമിടാനും ഈടാക്കാനുമുളള സൗകര്യം കുറയ്ക്കുമ്പോൾ ഉയരുന്ന ചോദ്യം സ്വന്തം പണം ഇടാനും എടുക്കാനും എന്തിനാണ് പണം ബാങ്കുകൾക്ക് നൽകുന്നതെന്നാണ്. പുറകിൽ നടന്ന് അക്കൗണ്ടിൽ ചേർക്കുന്ന ബാങ്കുകൾ ഇത് ചെയ്യുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഉയരുന്നത്. നേരത്തെ നോട്ട് നിരോധനകാലത്ത് തന്നെ രൂപപ്പെട്ട അവിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിന് മാത്രമേ ഈ നിരക്ക് വർധന നടപ്പാക്കിലിലൂടെ സാധ്യമാവുകയുള്ളൂ.

സാമ്പത്തിക ലാഭം നേടിയിട്ടുളള ബാങ്കുകളാണ് വീണ്ടും നിരക്ക് വർധിപ്പിച്ച് നിക്ഷേപകരുടെ പണം ഊറ്റുന്നത് പോക്കറ്റടിയാണ്. ഡിജിറ്റൽ ഇടപാടുകളുടെ അപകടരമായ വശങ്ങൾ കാണാതെയാണ് അതിനായി നെട്ടോട്ടം ഓടുന്നത്. പലയിടത്തും ഇന്നും വളരെ മോശമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയാണ് രാജ്യത്തൊട്ടാകെയുളളത്. കേരളത്തെ സംബന്ധിച്ച് നഗരങ്ങളിൽ പോലും കണക്റ്റിവിറ്റി പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നും ഉയരുന്ന പരാതിയാണ്. ഇവിടെ എത്രത്തോളം വേഗത്തിലും സുരക്ഷിതവുമായി ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്ങുകൾ നടത്താനാകും.

മൊബൈൽ ബാങ്കിങ്ങ് സൗകര്യപ്രദമായ ഒന്നാണെങ്കിലും അതിനുളളിലെ ചതിക്കുഴികൾ മറികടക്കാൻ ആവശ്യമായ സാമ്പത്തിക, സാങ്കേതിക വിദ്യാഭ്യാസമില്ലാത്തവരാണ് ഭൂരിപക്ഷവും. മൊബൈലിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമുളള വിവരങ്ങൾ ചോർന്നുപോകാനുളള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാനുളള അറിവുകൾ കുറവുളളർക്ക്. ഈ മേഖലയിൽ അറിവുളളവർപോലും പലപ്പോഴും കബളപ്പിക്കലിന് ഇരയായിട്ടുണ്ട്.​അടുത്തിടെയാണ് നെറ്റ് വഴി വിദേശത്തു നിന്നും കേരളത്തിലുളള ഒട്ടേറെ പേരുടെ പണം പിൻവലിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ബാങ്കുകളും പൊലീസും അന്വേഷിക്കുന്നുമുണ്ട്.

എന്നാൽ​ ഇതുവരെ ഈ​ വിഷയത്തിൽ പൊലീസിന് ഒരു തുമ്പുപോലും ലഭിച്ചിട്ടില്ല. മൂന്നുമാസം മുമ്പാണ് കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നത്.  സാധാരണക്കാർക്കു മാത്രമല്ല, ഇത്തരം സാമ്പത്തികനഷ്ടമുണ്ടായത്. മലപ്പുറം  ജില്ലയിലെ ഒരു ബാങ്ക് മാനേജറുടെ അക്കൗണ്ട് ഉപയോഗിച്ച് പോലും മറ്റാരോ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയ സംഭവമുണ്ടായത് കഴിഞ്ഞ മാസമാണ്. ഈ​വിഷയവും പൊലീസ് കേസെടുത്തത് അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. ഇത്രയധികം ബലഹീനമായ അവസ്ഥയിൽ എത്രത്തോളം വിശ്വസനീമാണ് ഡിജിറ്റൽ പണമിടപാടിനെ ജനങ്ങൾ സ്വീകരിക്കും എന്നത് ആലോചിക്കേണ്ട വിഷയമാണ്.

നോട്ട് നിരോധനത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട സാമ്പത്തികാ അരക്ഷിതാവസ്ഥയിൽ  കുറേപേർ മൊബൈൽ വാലറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരായി. എന്നാൽ സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടർന്ന് അവരിൽ ഭൂരിപക്ഷവും അതുപേക്ഷിച്ചതായാണ് മനസ്സിലാക്കുന്നത്. പലർക്കും തങ്ങളുടെ പണംലഭിക്കാതെ വന്നതിനെ തുടർന്ന് കാണാമറയത്തിരിക്കുന്ന കോൾ സെന്ററുകളിലേയ്ക്ക് വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതേ തുടർന്നാണ് ​ഈ സംവിധാനം ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരായത്.

നോട്ട് നിരോധനകാലത്ത് തന്നെ ബാങ്കുകൾക്ക് മേലുണ്ടായിരുന്ന വിശ്വാസം കുറഞ്ഞു തുടങ്ങിയ ജനതയക്ക് ആ അവിശ്വാസം വർധിപ്പിക്കുന്നതിനായിരിക്കും ഇത് വഴിയൊരുക്കുക. സ്വന്തം പണം നിക്ഷേപിക്കാനും എടുക്കാനും ഇത്രയധികം പണം നൽകേണ്ടിവരിക എന്നത് ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. അതുകൊണ്ടു തന്നെ എടുക്കാവുന്നത്ര പണം ഒന്നിച്ച് എടുക്കും. ഉദാഹരണത്തിന് ശമ്പളം കിട്ടുന്ന ഒരാൾ ആ തുക മുഴുവൻ ഒന്നോ രണ്ടോ തവണയായി പൂർണമായി എടുക്കുന്ന തരത്തിലേയ്ക്ക് എത്തിച്ചേരും. ഇത് ബാങ്കുകളുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഈ ബാങ്കുകളുടെ ചുവട് പിടിച്ച് മറ്റ് ബാങ്കുകളും നീങ്ങുമെന്നാണ് ബാങ്കിങ്ങ് മേഖലയിൽ നിന്നുളള സൂചന. ഇത് ജീവിതചെലവുകൾ വർധിപ്പിക്കുകയും അത് സാധാരണക്കാരുടെ ജീവിതത്തെ തകർക്കുകയും ചെയ്യുന്നതാകും. നിത്യനിദാന ചെലവുകൾ നടത്താനുളള പണത്തിനായി നെട്ടോട്ടമോടുന്ന ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഇത്തരം നിലപാടുകൾക്ക് സാധ്യമാവുകയുളളൂ.

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും സാമ്പത്തിക വിദ്യാഭ്യാസവും നൽകിയും ജനങ്ങളെ ബോധവൽക്കരിച്ചും വിശ്വാസത്തിലെടുത്തും നടപ്പാക്കേണ്ട ഒന്നാണ് ഡിജിറ്റൽ പണമിടപാടിലേയ്ക്കുളള മാറ്റം. എന്നാൽ ഇത് ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കാനുളള തീരുമാനം ജനാധിപത്യവിരുദ്ധവും ഇടപാടുകാരുമായുളള കരാറിന്മേലുളള വിശ്വസ്യതാ ലംഘനവുമാണ്. സ്വന്തം പണം എടുക്കാൻ പോലും ഫീസ് നൽകണമെന്ന സമീപനം ആ പണമുപയോഗിച്ച് നേട്ടമുണ്ടാക്കുന്ന ബാങ്കുകൾ ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ജനദ്രോഹമാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Banks increase transaction charges to push digital payments kerala news