/indian-express-malayalam/media/media_files/2025/03/24/mWZXck6nipCCVEpGAgIw.jpg)
Source: Freepik
ഒരു വർഷം മുമ്പാണ് കൊച്ചിയിലെ ഒരു ദേശസാൽകൃത ബാങ്കിന്റെ ശാഖയിൽ നിന്ന് 12 ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തേക്ക് 5.3 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പ ജെ.വി. ജോസഫ് എടുക്കുന്നത്. എന്നാൽ, മാർച്ച് 1 ന് വായ്പ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചു. ഒരു വർഷം കൂടി വായ്പാ കാലാവധി നീട്ടിക്കിട്ടണമെങ്കിൽ ജോസഫ് മുഴുവൻ വായ്പ തുകയും തിരിച്ചടയ്ക്കണമെന്നും അതല്ലെങ്കിൽ സ്വർണ്ണം ലേലം ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.
വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ ഒരു വർഷം കൂടി വായ്പാ കാലാവധി കൂട്ടാൻ ജോസഫ് തീരുമാനിച്ചു. പക്ഷേ, അങ്ങനെ ചെയ്യാൻ ആദ്യം വായ്പ മുഴുവൻ അടച്ച് ക്ലോസ് ചെയ്യണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. ഒടുവിൽ വായ്പാ ക്ലോഷറിനും റീപ്ലെഡ്ജിംഗിനും ബാങ്ക് ഓവർഡ്രാഫ്റ്റ് സൗകര്യം നൽകി. എന്നാൽ, ഇത് പല വായ്പക്കാർക്കും ആശ്രയിക്കാൻ കഴിയുന്ന ഒരു മാർഗമല്ല. സ്വർണ്ണ വായ്പാ മേഖലയിൽ ബാങ്കുകളിൽ നിന്ന് വായ്പക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ജോസഫിന്റെ അനുഭവം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വർണ്ണ വായ്പാ നടപടിക്രമങ്ങൾ കർശനമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്പാദാതാക്കളോട് ആവശ്യപ്പെട്ടതിനെത്തുടർന്ന്, ബാങ്കുകൾ അവതരിപ്പിച്ച പുതിയ സംവിധാനം വായ്പക്കാർക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വർണം പുതുക്കി വയ്ക്കണമെങ്കിൽ വായ്പയുടെ മുഴുവൻ മുതലും പലിശയും കടം വാങ്ങിയവർ തിരിച്ചടയ്ക്കണം. നേരത്തെ, വായ്പക്കാർക്ക് പലിശ മാത്രം അടച്ച് സ്വർണം പുതുക്കി വയ്ക്കാമായിരുന്നു. മാത്രമല്ല, കടം വാങ്ങുന്നവർക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കാം, ഇത് അവർക്ക് കൂടുതൽ ചെലവേറിയതാക്കും.
"സ്വർണ്ണ വായ്പ എടുത്തവരോട് മുഴുവൻ തുകയും തിരിച്ചടയ്ക്കാനും കാലാവധി നീട്ടുന്നതിന് മുമ്പ് വായ്പ അടയ്ക്കാനും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ചെയ്യാനാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം," ഒരു സ്വകാര്യ ബാങ്കിന്റെ മാനേജർ പറഞ്ഞു. സ്വർണ്ണത്തിന്റെ പരിശുദ്ധി സ്ഥിരീകരിക്കുന്നതിനായി ബാങ്കുകൾ വീണ്ടും മൂല്യനിർണ്ണയം നടത്തും.
''ചില ബാങ്കുകൾ സ്വർണ വായ്പക്കാർക്ക് ഒരു ദിവസത്തേക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നുണ്ട്. ഇതിലൂടെ മുതലും പലിശയും തിരിച്ചടയ്ക്കാനും കാലാവധി പുതുക്കാനും അവർക്ക് സാധിക്കും. സ്വർണം പുതുക്കി വയ്ക്കുമ്പോൾ, തുക അടുത്ത ദിവസം ബാങ്കിലേക്ക് തിരികെ നൽകും. അതൊരു ബുക്ക് എൻട്രിയാണ്," ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
2025 ജനുവരിയിലെ കണക്കനുസരിച്ച്, ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും സ്വർണ്ണ വായ്പ കുടിശ്ശിക 1.78 ലക്ഷം കോടി രൂപയായി റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് സ്വർണ വായ്പകളിൽ മാറ്റങ്ങൾ വന്നത്, ഇത് വാർഷികാടിസ്ഥാനത്തിൽ 76.9 ശതമാനം വർധനവാണ്. സ്വർണ്ണ വില കുതിച്ചുയരുന്നതോടെ, സ്വർണ വായ്പാ ബിസിനസ് അതിവേഗം വളർന്നു. വായ്പയെടുത്തയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്വർണ്ണം ലേലം ചെയ്യാൻ കഴിയുന്നതിനാൽ ബാങ്കുകളും എൻബിഎഫ്‌സികളും ഇതൊരു ആകർഷകമായ ബിസിനസായി കാണുന്നുണ്ട്.
"കുറഞ്ഞ ചെലവിൽ സ്വർണ്ണ വായ്പ പുതുക്കുന്നതിന് പഴയ വ്യവസ്ഥ സഹായകമായിരുന്നു. ഇപ്പോൾ പാവപ്പെട്ടവർക്ക് തിരിച്ചടവ് കാലാവധി നീട്ടുന്നതിനായി വീണ്ടും പണം കടം വാങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ല. വീട്ടുചെലവുകൾ, വിദ്യാഭ്യാസം, ആരോഗ്യ ചെലവുകൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിനാണ് അവർ സാധാരണയായി സ്വർണം പണയം വയ്ക്കുന്നത്," സാമ്പത്തിക മേഖലയിലെ വൃത്തങ്ങൾ പറഞ്ഞു. വായ്പ കാലാവധി അവസാനിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ അവർ പണം കടം വാങ്ങാൻ നിർബന്ധിതരാകും. മിക്കവർക്കും (വായ്പ എടുക്കുന്നവർക്കും) ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കാൻ സാധ്യതയില്ല.”
''പുതിയ സംവിധാനം ഞങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കാരണം ഒരു വർഷം കൂടി വായ്പ തുടരാൻ വീണ്ടും കടം വാങ്ങേണ്ടിവരും. ഇതിനുപുറമെ, പ്രോസസ്സിംഗ് ഫീസ് വീണ്ടും അടയ്ക്കേണ്ടി വന്നേക്കാം, വായ്പ പുതുക്കുന്നതിന് മുമ്പ് ബാങ്ക് സ്വർണ്ണത്തിന്റെ മൂല്യം വിലയിരുത്തേണ്ടതുണ്ട്. ഇതൊരു വലിയ ഭാരമാണ്. ഇതെല്ലാം സഹിക്കാൻ ഞാൻ നിർബന്ധിതനായി, ”ജോസഫ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.