ന്യൂഡൽഹി: രാജ്യത്ത് പത്ത് ലക്ഷം ബാങ്ക് ജീവനക്കാർ ബുധനാഴ്‌ച മുതൽ രണ്ട് ദിവസം പണിമുടക്കുന്ന സാഹചര്യത്തിൽ ബാങ്കിങ് പ്രവർത്തനങ്ങൾ ഒന്നാകെ തടസപ്പെട്ടേക്കും. ഇന്ത്യ ബാങ്ക്സ് അസോസിയേഷൻ ഇത്തവണ പ്രഖ്യാപിച്ച രണ്ട് ശതമാനം വേതന വർദ്ധനവിന് എതിരെയാണ് ജീവനക്കാരുടെ സമരം.

ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയനായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച മാനേജ്മെന്റുമായി തൊഴിലാളികൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകൾക്കും, സ്വകാര്യ മേഖലയിലുളള ബാങ്കുകൾക്കും ജീവനക്കാർ പണിമുടക്ക് നോട്ടീസ് കൈമാറിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയവയിൽ ഇടപാടുകൾ തടസപ്പെടും.

ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ്, യെസ്, ഇന്റസ്ഇന്റ് എന്നീ ബാങ്കുകളിൽ സമരം ബാധിക്കില്ല. ഇവിടങ്ങളിൽ തൊഴിലാളി യൂണിയനുകൾ ഇല്ലാത്തതിനാലാണിത്.

2012 നവംബർ മുതൽ 2017 ഒക്ടോബർ വരെ 15 ശതമാനമായിരുന്നു വേതന വർദ്ധനവ് നടപ്പിലാക്കിയത്. ഇക്കുറി 2017 നവംബർ മുതൽ 2022 ഒക്ടോബർ വരെ രണ്ട് ശതമാനം വരെ വേതന വർദ്ധനവ് നടപ്പിലാക്കാനായിരുന്നു ബാങ്ക് അസോസിയേഷനുകൾ തീരുമാനിച്ചത്.

നിഷ്‌ക്രിയ ആസ്തികളുടെ കണക്കിലുണ്ടായ വലിയ വർദ്ധനവിനെ തുടർന്ന് ബാങ്കുകൾ പ്രതിസന്ധിയിലാണെന്ന് കാരണം പറഞ്ഞാണ് ബാങ്കുകൾ വേതന വർദ്ധനവിന്റെ നിരക്ക് കുറച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ