ന്യൂഡല്‍ഹി : കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടെ 23,000 കേസുകളിലായി രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ വായ്പ്പാതട്ടിപ്പ് നടന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക്. വിവരാവകാശ നിയമം വഴി ഉന്നയിച്ച ചോദ്യത്തിനുള്ളത്തിനുള്ള മറുപടിയിലാണ് ഈ​ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്ന 5152 കേസുകളില്‍ 5000 കേസുകളും 2016-17 കാലയളവിലാണ്‌. ഏപ്രില്‍ 2017 വരെ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്ന കേസുകളില്‍ മൊത്തമായി ഏകദേശം 28459 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്‌ 2016-17 പ്രകാരം 5076 കേസുകളിലായി 23,933 കോടി രൂപ തട്ടിപ്പാണ് ബാങ്കുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.2013 മുതല്‍ 2018 മാര്‍ച്ച്‌ ഒന്ന് വരെയുള്ള 23,866 കേസുകളില്‍ എല്ലാത്തിലും ഒരു ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ നഷ്ടമാണ് രേഖപെടുത്തിയിരിക്കുന്നത്. ആകെ മൊത്തം 1,00,718 കോടി രൂപയാണ് തട്ടിപ്പ് നടന്നു എന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ വായ്പ്പാ തട്ടിപ്പുകള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആണ് എന്നും രേഖകള്‍ വെളിപ്പെടുത്തുന്നു.

2013-14 ല്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത 4,306 കേസുകളില്‍ നിന്നായി 4,306 കോടി രൂപയാണ് നഷ്ടമായത് എന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിക്കുന്നു. “വ്യക്തിഗത കേസുകളിലെ വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട എല്ലാ കേസുകളിലും നടപടി സ്വീകരിച്ചിട്ടുണ്ട്”എന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. വന്‍ സ്രാവുകളായ വ്യവസായ പ്രമുഖരെയാണ് ബാങ്ക് വായ്പ്പാ തട്ടിപ്പുകള്‍ക്ക് പിന്നില്‍ എന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി ബി ഐ യും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റും നടത്തിയ അന്വേഷണത്തില്‍ സംശയിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ വായ്പ്പാ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്സിയും നടത്തിയതാണ്. 13,000 കോടി രൂപയുടെ തട്ടിപ്പാണിത്. രണ്ട് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരെയും സി ബി ഐ 600 കോടി വായ്പാ തട്ടിപ്പുമായി ബന്ധപെട്ട് സംശയിക്കുന്നുണ്ട്.

ഇന്ത്യന്‍ ബാങ്കിന്‍റെ സി ഇ ഒ യും മാനേജിങ് ഡയറക്ടറുമായ ആയ കിഷോര്‍ ഖരത് (ഐ ഡി ബി ഐ ബാങ്കിലെ ആ സമയത്തെ എം ഡിയും സി ഇ ഒയും ),സിൻഡിക്കറ്റ് ബാങ്കിലെ മെല്‍വിന്‍ റീഗോ (ഐ ഡി ബി ഐ ബാങ്കിലെ പഴയ അസിസ്റ്റന്റ്‌ മനേജിങ് ഡയറക്ടര്‍),ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ എം.എസ് രാഘവന്‍ എന്നിവര്‍ക്കെതിരെ സി ബി​ഐ ഏറ്റവും ഒടുവില്‍ എഫ് ഐ ആർ ഫയല്‍ ചെയ്തിരിക്കുന്നത്. ഗവൺമെന്റ് കണക്കുകള്‍ പ്രകാരം രാജ്യത്തെ എല്ലാ ബാങ്കുകളുടെയും ആകെയുള്ള നിഷ്‌ക്രിയ ആസ്തി (എൻ​ പി എ) 8,40,958 കോടിയാണ്.

ലോക് സഭയില്‍ ധനസഹ മന്ത്രി ശിവ് പ്രതാപ് ശുക്ല മാർച്ച് ഒമ്പതിന് വ്യക്തമാക്കിയ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐയുടെ നിഷ്‌ക്രിയ ആസ്തി 2,01,560 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് 44,542കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യ 43,474കോടി, ബാങ്ക് ഓഫ് ബറോഡ 41,649 കോടി , യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38,047 കോടി, കാനറാ ബാങ്ക് 37,794 കോടി, ഐ സി ഐ സി ഐ ബാങ്ക് 33,849 കോടി എന്നിങ്ങനെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ