ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബാങ്ക് യൂണിയനുകള്‍. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ നാളെ (ഓഗസ്റ്റ് 31 ശനിയാഴ്ച) കരിദിനമായി ആചരിക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിക്കും. ശക്തമായ പ്രതിഷേധത്തിനിടയിലും ബാങ്ക് ലയനമെന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ബാങ്ക് ലയനം പ്രഖ്യാപിച്ചത് . കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിക്കുക. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.
Read Also: കൂപ്പുകുത്തി സാമ്പത്തിക രംഗം; ജിഡിപി വളര്‍ച്ച അഞ്ച് ശതമാനം
പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ 2017 ല്‍ രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അത് 12 ആയി കുറയും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷമായിരിക്കും ഇതിന്റെ വരുമാനം. ഇത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി മാറും.
കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ വലിയ മൂന്നാമത്തെ പൊതു മേഖലാ ബാങ്ക് രൂപികരിക്കും. 15.20 ലക്ഷം കോടിയായിരിക്കും ബിസിനസ്. യുണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കിനേയും അലഹാബാദ് ബാങ്കിനേയും ലയിപ്പിക്കും. ഇതിന്റെ ബിസിനസ് 8.08 ലക്ഷം കോടിയായിരിക്കും.
അഞ്ച് ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാനാണ് നീക്കം. പണലഭ്യത ഉറപ്പു വരുത്തുക, വായ്പാ ലഭ്യത വര്‍ധിപ്പിക്കുക എന്നിവയാണ് ലയനത്തിന്റെ ലക്ഷ്യം. നേരത്തെ എസ്.ബി.ഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ചു.