ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് ബാങ്ക് ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കുന്നു. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു.

പല ബാങ്കുകളുടെ ശാഖകളും എടിഎമ്മുകളും പ്രതിഷേധത്തിന്റെ ഭാഗമായി അടച്ചിടാനാണ് തീരുമാനം. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ പണിമുടക്ക് സാരമായി ബാധിക്കില്ലെങ്കിലും ബാങ്ക് ഓഫ് ബറോഡ പോലുള്ള നിരവധി പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ബാങ്കിംഗ് പ്രവർത്തനങ്ങൾ നിർത്തിവയ്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എടിഎമ്മുകൾ അടച്ചുപൂട്ടുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയൻ നേതാക്കളും ഭീഷണിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.

Read More: 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയായുള്ള ബാങ്ക് ലയനത്തെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) നേരത്തേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 30 ന് ധനമന്ത്രി നിർമ്മല സീതാരാമൻ നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസവും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.ബി.ഒ.സി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസർമാർ (നോബോ), എന്നീ നാല് ബാങ്ക് യൂണിയനുകളുടെ ഒരു സംഘം ചേന്ന് സമാനമായ വിഷയങ്ങളിൽ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ യൂണിയനുകളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് സെപ്റ്റംബർ 26, 27 തിയതികളിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook