ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ച് ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയായുള്ള ബാങ്ക് ലയനത്തെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 30 ന് ധനമന്ത്രി നിർമ്മല സീതാരാമൻ നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ 22 ന് ട്രേഡ് യൂണിയൻ സംഘടനകൾ നടത്തുന്ന പണിമുടക്ക് ബാങ്ക് പ്രവർത്തനങ്ങളെ മോശമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, വിവിധ ശാഖകളിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുവെന്നും ബാങ്ക് ഉറപ്പ് നൽകി.
ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
“ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി 22 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നു. അടുത്തിടെ 10 പൊതുമേഖലാ ബാങ്കുകളെ നാല് ബാങ്കുകളായി ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനാണ് തീരുമാനം,”എ ഐ ടി യു സി പ്രസ്താവനയിൽ അറിയിച്ചു. ബാങ്ക് ലയനം സംബന്ധിച്ച സർക്കാർ തീരുമാനം ഏറ്റവും നിർഭാഗ്യകരവും തീർത്തും അനാവശ്യവുമാണെന്ന് എ ഐ ടി യു സി പ്രതികരിച്ചു.
കഴിഞ്ഞ മാസവും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ.ബി.ഒ.സി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസർമാർ (നോബോ), എന്നീ നാല് ബാങ്ക് യൂണിയനുകളുടെ ഒരു സംഘം ചേന്ന് സമാനമായ വിഷയങ്ങളിൽ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ യൂണിയനുകളുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് സെപ്റ്റംബർ 26, 27 തിയതികളിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.