ന്യൂഡൽഹി: വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ഏപ്രില്‍ ഒന്നിന് ബാങ്ക് ഓഫ് ബറോഡയുമായി ലയിക്കുന്നു. ഈ മൂന്നു ബാങ്കുകള്‍ ലയിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും. കഴിഞ്ഞ(2018) സെപ്റ്റംബറിലാണ് ഈ മൂന്ന് ബാങ്കുകളുടേയും ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകള്‍.

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം സംസ്ഥാന തലത്തിലുള്ള ബാങ്കുകളുടെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്. 2017 ഏപ്രില്‍ മാസത്തിലായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ബിക്കാനര്‍-ജയ്പൂര്‍, മൈസൂര്‍, ട്രാവന്‍കൂര്‍, ഹൈദ്രാബാദ്, ഭാരതീയ മഹിള എന്നിവയുടെ ലയനം നടന്നത്.

‘ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ഒരുമിച്ച് വരികയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിങ് ശൃംഖലയാകുകയും ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്,’ ബാങ്ക് ഓഫ് ബറോഡ തലവന്‍ പി.എസ് ജയകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദേന ബാങ്കിന്റേയും വിജയ ബാങ്കിന്റേയും ബ്രാഞ്ചുകള്‍ ഇനി മുതല്‍ ബാങ്ക് ഓഫ് ബറോഡയായി പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. 13,400 എടിഎമ്മുകളും 12 കോടി ഉപഭോക്താക്കളും ഉണ്ടാകും.

മൂന്ന് ബാങ്കുകളുടേയും ലയനത്തോടെ 15 ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന ബാങ്കിങ് സ്ഥാപനമായി മാറും. മൊത്തം 8.75 ലക്ഷം കോടി രൂപ നിക്ഷേപങ്ങളും വായ്പകള്‍ യഥാക്രമം 6.25 ലക്ഷം കോടി രൂപയുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook