മുംബൈ: കാര്‍ഷിക വായ്പയ്ക്ക് സമീപിച്ച കര്‍ഷകന്റെ ഭാര്യയെ ലൈംഗിക വേഴ്ച്ചയ്ക്ക് പ്രേരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരെ കേസ്. മുംബൈയിലെ ബുല്‍ധാനയില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. മാളകപൂര്‍ തെഹസിലിലെ ബ്രാഞ്ചിലാണ് യുവതി ഭര്‍ത്താവിനൊപ്പം വായ്പയ്ക്ക് അപേക്ഷിക്കാന്‍ എത്തിയത്.

ഭര്‍ത്താവിനൊപ്പം എത്തി വായ്പയ്ക്ക് അപേക്ഷനല്‍കിയപ്പോള്‍ ബാങ്ക് മാനേജരായ രാജേഷ് ഹിവാസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയായിരുന്നു. വായ്പാ നടപടിക്രമങ്ങള്‍ നടത്താനായാണ് നമ്പറെന്നാണ് ഇയാള്‍ ദമ്പതികളെ ധരിപ്പിച്ചത്. തുടര്‍ന്ന് അപേക്ഷ നല്‍കി വീട്ടിലെത്തി യുവതിയെ രാജേഷ് മൊബൈലില്‍ ബന്ധപ്പെടുകയായിരുന്നു. മോശമായ ഭാഷയില്‍ തന്നോട് സംസാരിച്ചെന്നും ലൈംഗികവേഴ്‍ച്ചയ്ക്ക് പ്രേരിപ്പിച്ചെന്നും യുവതി പറഞ്ഞു. വായ്പ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെങ്കില്‍ തന്നോട് സഹകരിക്കണമെന്നാണ് ഇയാള്‍ കര്‍ഷകന്റെ ഭാര്യയോട് പറഞ്ഞത്.

എന്നാല്‍ യുവതി പ്രതികൂലമായി പ്രതികരിച്ചതോടെ ഇയാള്‍ ഒരു പരിചാരകനെ വീട്ടിലേക്ക് അയച്ചു. കാര്‍ഷിക വായ്പയ്ക്കൊപ്പം മറ്റു പലതും ബാങ്ക് മാനേജര്‍ തരുമെന്നും സഹകരിക്കാന്‍ തയ്യാറാകണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. പിന്നീട് ഇരുവരും നടത്തിയ ഫോണ്‍ കോളുകള്‍ യുവതി റെക്കോര്‍ഡ് ചെയ്ത് പൊലീസിന് നല്‍കി. മാനേജര്‍ക്കും പരിചാരകനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് സംഘം ബാങ്കിലെത്തിയെങ്കിലും ഇയാളും പരിചാരകനും ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ