/indian-express-malayalam/media/media_files/2026/02/13/tariq-rahman-2026-02-13-07-35-15.jpg)
താരിഖ് റഹ്മാൻ
ധാക്ക: ബംഗ്ലാദേശിൽ നടന്ന നിർണ്ണായക പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് വൻ വിജയം. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലാണ് ബിഎൻപിയുടെ ആധികാരിക വിജയം. ബിഎൻപിയും സഖ്യകക്ഷികളും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആകെയുള്ള 300 പാർലമെന്റ് സീറ്റുകളിൽ 299 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ ബിഎൻപി സഖ്യം 211 സീറ്റുകൾ കരസ്ഥമാക്കി. കേവല ഭൂരിപക്ഷത്തിന് 151 സീറ്റുകളാണ് വേണ്ടത്. ബിഎൻപിയുടെ പ്രധാന എതിരാളിയായി മാറിയ ജമാഅത്തെ ഇസ്ലാമി സഖ്യം 70 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
താരിഖ് റഹ്മാന്റെ തിരിച്ചുവരവ്
17 വർഷത്തെ പ്രവാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ തിരിച്ചെത്തിയ ബിഎൻപി വൈസ് ചെയർമാൻ താരിഖ് റഹ്മാൻ ബോഗുറ-ആറ് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം ആലംഗീർ ഠാക്കൂർഗാവ്-ഒന്ന് മണ്ഡലത്തിൽ നിന്നും വലിയ വിജയം നേടി.
Also Read:ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളം, ശുഭപ്രതീക്ഷ; ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനിടെ ജമാഅത്തെ ഇസ്ലാമി അമീർ
വിജയം ഉറപ്പായതോടെ രാജ്യത്തുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്താൻ താരിഖ് റഹ്മാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. എന്നാൽ വിജയ റാലികളോ പൊതു ആഘോഷങ്ങളോ പാടില്ലെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു.
തിരഞ്ഞെടുപ്പ് പശ്ചാത്തലം
ഏകദേശം 12.7 കോടി വോട്ടർമാരുള്ള രാജ്യത്ത് 47.91 ശതമാനം പോളിംഗ് ആണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ദീർഘകാലം ഭരണത്തിലിരുന്ന അവാമി ലീഗിന്റെ അഭാവത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഭരണഘടനാ പരിഷ്‌കാരങ്ങൾ സംബന്ധിച്ച ഹിതപരിശോധനയും തിരഞ്ഞെടുപ്പിനൊപ്പം നടന്നു. സമാധാനപരമായ വോട്ടെടുപ്പിനായി ഒമ്പത് ലക്ഷത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരുന്നത്.
അതേസമയം, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ജമാഅത്തെ ഇസ്ലാമിയും നാഷണൽ സിറ്റിസൺ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ ഫലം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മനപ്പൂർവ്വം വൈകിപ്പിക്കുന്നുവെന്നും ഇവർ ആരോപിച്ചു.
ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമവാഴ്ച പുനഃസ്ഥാപിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ വസ്ത്ര കയറ്റുമതി മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും താരിഖ് റഹ്മാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Read More:'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us