/indian-express-malayalam/media/media_files/2025/12/23/vhp-protest-at-kolkatta-2025-12-23-20-00-01.jpg)
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടന്ന പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ തുടരുന്ന സംഘർഷങ്ങളിലും ക്രമസമാധാന തകർച്ചയിലും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. രാജ്യത്ത് നിയമവാഴ്ച ഇല്ലാതായെന്നും അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഹസീന ആരോപിച്ചു.
Also Read: ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ മരണം: ഡൽഹിയിൽ ഹൈക്കമ്മീഷന് മുന്നിൽ വിഎച്ച്പി പ്രതിഷേധം
വിദ്യാർത്ഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്ത് വീണ്ടും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഈ സംഭവത്തെ അപലപിച്ച ഹസീന, തന്റെ സർക്കാരിനെ അട്ടിമറിച്ച അതേ നിയമരാഹിത്യം യൂനസ് ഭരണത്തിന് കീഴിൽ പലമടങ്ങായി വർധിച്ചിരിക്കുകയാണെന്ന് പറഞ്ഞു. 'രാജ്യത്ത് അക്രമങ്ങൾ ഒരു പതിവായി മാറിയിരിക്കുന്നു. ഇടക്കാല സർക്കാർ ഒന്നുകിൽ ഇത് നിഷേധിക്കുന്നു, അല്ലെങ്കിൽ ഇത് തടയാൻ കഴിയാത്തവിധം നിസ്സഹായരാണ്,' ഹസീന പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read: ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി
ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ 'പ്രഥം ആലോ', 'ദ ഡെയ്ലി സ്റ്റാർ' എന്നിവയുടെ ഓഫീസുകൾക്ക് നേരെ ആക്രമണവും തീവെപ്പും ഉണ്ടായി.
സുരക്ഷാ കാരണങ്ങളാൽ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യയിലെ ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിലും ദീപു ദാസ് എന്ന ഹിന്ദു യുവാവിന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച് ഇന്ത്യയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ് ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
Also Read: സംഘർഷമൊഴിയാതെ ബംഗ്ലാദേശ്; ധാക്കയിൽ വ്യാപക ആക്രമണം
രാജ്യം കടുത്ത അശാന്തിയിലൂടെ കടന്നുപോകുമ്പോഴും, 2026 ഫെബ്രുവരി 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസ് വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധി സെർജിയോ ഗോറുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 5-ന് വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് ഇടക്കാല സർക്കാർ അവകാശപ്പെടുമ്പോഴും അക്രമ സംഭവങ്ങൾ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.
Read More:എപ്‌സ്റ്റീൻ ഫയലുകൾ; പുറത്തുവിട്ട പുതിയ രേഖകളിൽ ട്രംപിൻറ പേരും, വെളിപ്പെടുത്തലുമായി യുഎസ് നീതിന്യായ വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us