ബെംഗളൂരു: ബെംഗളൂരു സംഘർഷത്തിൽ എസ്‌ഡിപിഐയുടെ പങ്ക് അന്വേഷിക്കുന്നു. എസ്‌ഡിപിഐ ഗൂഢാലോചനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായതെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം രാഷ്ട്രീയ പാർട്ടികളിലേക്കും നീളുന്നത്.
“അക്രമങ്ങൾ പ്രാദേശിക രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ വൈരാഗ്യത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതുവരെ അതേകുറിച്ചൊന്നും പ്രതികരിക്കുന്നില്ല,” കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെെ പറഞ്ഞു.
അക്രമത്തിൽ മുസ്‌ലിം ആധിപത്യമുള്ള കർണാടക പ്രദേശങ്ങളിൽ അധികാരം നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read Also: ബെംഗളൂരു സംഘർഷം: പ്രദേശത്ത് കർഫ്യൂ, സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
വടക്കു-കിഴക്കൻ ബെംഗളൂരുവിലെ കാവൽ ബെെസാന്ധ്രയ്‌ക്ക് സമീപമാണ് സംഘർഷമുണ്ടായത്. സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
പുലികേശ നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു മുൻപിലാണ് സംഘർഷം ആരംഭിച്ചത്. എംഎൽഎയുടെ വീടിനു മുൻപിൽ പ്രതിഷേധക്കാർ ഒത്തുകൂടുകയായിരുന്നു. എംഎൽഎയുടെ ബന്ധു ഫെയ്‌സ്‌ബുക്കിൽ മുസ്‌ലിം വിരുദ്ധ പോസ്റ്റിട്ടതാണ് സംഘർഷത്തിനു കാരണം. പ്രതിഷേധക്കാർ എംഎൽഎയുടെ വീടിനു നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഓടിയെത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ കൂടി ഡിജെ ഹാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി, പൊലീസ് സ്റ്റേഷനു പുറത്ത് വാഹനങ്ങൾക്ക് തീയിട്ടു. ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട എംഎൽഎയുടെ ബന്ധുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട എംഎൽഎയുടെ ബന്ധുവിനെയും അക്രമത്തിനു നേതൃത്വം നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 145 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിത്.
പ്രതിഷേധങ്ങൾക്ക് കാരണമായ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്നാണ് എംഎൽഎയുടെ ബന്ധു പറയുന്നത്. തന്റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തതാണെന്നും ഇയാൾ പറയുന്നു. എന്നാൽ, സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാദമുണ്ടായതിനു പിന്നാലെ എംഎൽഎയുടെ ബന്ധു ഫെയ്‌സ്‌ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. ഡെലീറ്റ് ചെയ്ത പോസ്റ്റ് പൊലീസ് തിരിച്ചെടുത്തു. കൂടുതൽ അന്വേഷണം നടത്തുകയാണ്.