ബംഗളൂരു: ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. അഴിയാത്ത ഗതാഗത കുരുക്കുകള്‍ സ്ഥിരം സംഭവവും. രാവിലെ ഓഫീസിലോ സ്കൂളിലോ ഒക്കെ പോകേണ്ടവര്‍ ഒരല്‍പം നേരത്തേ ഇറങ്ങിയില്ലെങ്കില്‍ താമസിച്ചേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുകയുള്ളു. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ ബംഗളൂരുവിലെ ട്രാഫിക് ജാമിനെ എപ്പോഴും പ്രാകി മാത്രമെ നമുക്ക് ശീലമുള്ളു. എന്നാല്‍ നഗരത്തിലെ ട്രാഫിക് ജാം ഹീറോയായി മാറിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു ട്രാഫിക് ജാം കാരണം ഭീകരാക്രമണം തടയാന്‍ സഹായകമായ ലോകത്തിലെ ഏക നഗരമാണ് ബംഗളൂരു. ത്രിപുരയില്‍ അറസ്റ്റിലായ ഹബീബ് മിയ എന്ന ഭീകരനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാളെ തെളിവെടുപ്പിനായി ബംഗളൂരുവില്‍ കൊണ്ട് വന്നപ്പോഴാണ് ഇതെ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
2005 ഡിസംബര്‍ 28ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‍സി) ആക്രമിച്ച ഭീകരര്‍ നഗരത്തില്‍ നടന്ന സെമിനാര്‍ പരിപാടിയിലും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. ഇന്ത്യയുടെ അഭിമാന നഗരമായ ബംഗളൂരുവില്‍ തുടര്‍ച്ചയായ ആക്രമണം നടത്തി ഇന്ത്യയെ ഭീതിയിലാക്കുക എന്നതായിരുന്നു ഭീകരരുടെ ഉദ്ദേശം.
എന്നാല്‍ ബാനര്‍ഘട്ട റോഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്ക് വണ്ടിയില്‍ പുറപ്പെട്ട ഭീകരന്‍ നഗരത്തിലെ ട്രാഫിക് ജാമില്‍ കുടുങ്ങി. തുടര്‍ന്ന് സെമിനാര്‍ നടക്കുന്നിടത്ത് വൈകിയാണ് ഭീകരന്‍ എത്തിയത്, അപ്പോഴേക്കും സെമിനാര്‍ കഴിഞ്ഞിരുന്നു.
അതേസമയം തന്നെ നഗരത്തിലെ പിഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ നഗരത്തിലെത്തിയെ ഭീകരന്‍ ഈ പദ്ധതിയും ഉപേക്ഷിച്ചു. പിഇഎസില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം രക്ഷപ്പെടാന്‍ കഴിയില്ലെന്നും, വഴി തെറ്റിപ്പോകുമെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചതെന്നും ഭീകരന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബംഗളൂരുവില്‍ പുതുതായി എത്തിയ ഒരാളോ, ഇനി സ്ഥിരം താമസക്കാരനോ ആയാലും ചെറുതും വലുതുമായ റോഡ് കണ്ട് ഒരിക്കലെങ്കിലും വഴിതെറ്റി പകച്ച് നിന്നുപോയിട്ടുണ്ടാവും. ഇത്തരത്തില്‍ തന്നെയാണ് ഹബീബ് മിയ ഭീകരാക്രമണം പദ്ധതി ഉപേക്ഷിച്ചതെന്നും ഡെക്കാന്‍ ഡെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗളൂരുവിലെ ട്രാഫിക് ജാം പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. പലപ്പോഴും ഇതിനെ കുറിച്ച് ട്രോളുകളും പ്രചരിക്കാറുണ്ട്. എന്നാല്‍ നിരവധി പേരുടെ ജീവനും ഇന്ത്യയുടെ അഭിമാനവും കാത്തത് ഈ ട്രാഫിക് ജാം തന്നെയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.