ബെംഗളൂരു: രണ്ട് കര്‍ഷകരെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കടുവയ്ക്കായി വലവിരിച്ച് കര്‍ണാടക വനം വകുപ്പ്. പരിശീലനം നല്കിയ ആറ് ആനകള്‍, 140 ക്യാമറ എന്നിവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ കടുവയെ പിടികൂടാനായി ഒരുക്കിയിട്ടുണ്ട്. ഡ്രോണ്‍ ക്യാമറകളും ഉപയോഗിക്കും.
സെപ്റ്റംബര്‍ ആദ്യവും ഒക്ടോബര്‍ എട്ടിനുമാണു ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത്. കര്‍ഷകനായ ശിവലിംഗപ്പയെ ഒക്ടോബര്‍ എട്ടിന് ചൗദഹള്ളി പ്രദേശത്തെ വനാതിര്‍ത്തിയില്‍ കൊലപ്പെടുത്തിയതിനെത്തുര്ന്നാണു കടുവയെ കണ്ടെത്താന്‍ തെരച്ചിലാരംഭിച്ചത്.
ഹുണ്ടിപുര ഗ്രാമത്തിനു സമീപം കഴിഞ്ഞമാസം കടുവ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ ആറുമാസത്തിനിടെ ഒന്നിലധികം കടുവകളെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
”മൂന്ന് ആനകളെ ഉപയോഗിച്ച് പ്രദേശത്ത് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനു മൂന്ന് ആനകളെ കൂടി ചേര്‍ത്തു. കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അഞ്ച് കോമ്പിങ് ഗ്രൂപ്പുകളും വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും ഒരു റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നേതൃത്വം നല്‍കും. സമീപകാലങ്ങളില്‍ കടുവയെ കണ്ട ഇടങ്ങളെ അടിസ്ഥാനമാക്കി, മറഞ്ഞിരിക്കുന്ന അഞ്ച് സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു” വനം വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
കന്നുകാലികളെ വയലില്‍ വിട്ടാല്‍ കടുവ ആക്രമിക്കുമെന്ന് ഭയപ്പെടുന്നതായി ഹുണ്ടിപ്പുരയിലെ കര്‍ഷകനായ നാരായണ്‍ സേട്ടി പറയുന്നു.
“ഈ പ്രദേശത്ത് ആനകളെ കാണുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി നിരവധി കടുവകളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ കഴിഞ്ഞ 30 വര്‍ഷമായി ഇവിടെയുള്ളവരാണ്. ഞങ്ങളുടെ കന്നുകാലികളെ കൃഷിസ്ഥലങ്ങളില്‍ മേയാന്‍ വിടാന്‍ സാധിക്കണം,” നാരായണ്‍ സേട്ടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ യവത്മാലില്‍ പെണ്‍കടുവയായ അവ്നിയെ വെടിവച്ചുകൊന്ന ഷാര്പ്പ്ഷൂട്ടര്മാരായ ഷഫത്ത് അലി ഖാന്, മകന് അസ്ഗര്‍ അലി എന്നിവര്‍ കടുവയെ പിടികൂടാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവര്‍ത്തകരും ഇത് നിരസിക്കുകയായിരുന്നു.