ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ് ഈ കാര്യം പ്രഖ്യാപിച്ചത്.
അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളും ഡിജിസിഎ അംഗീകരിച്ച വിമാനങ്ങളും സർവീസ് നടത്തുന്നത് തുടരും. തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് വിമാനങ്ങൾ അനുവദിക്കും എന്നും ഡിജിസിഎ വ്യക്തമാക്കി.
നേരത്തെ സെപ്തംബർ 30 വരെ വിലക്ക് നീട്ടിയിരുന്നു. കോവിഡ് -19 രോഗബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാർച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചത്. 2020 മേയ് മിതൽ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾ നടത്തിയിരുന്നു.
പിന്നീട് ഇന്ത്യയുമായി എയർ ബബിൾ കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള എയർ ബബിൾ ഉടമ്പടി പ്രകാരം അവരുടെ പ്രദേശങ്ങൾക്കിടയിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകളാണ് നടത്തുന്നത്.
ഈ ഓഗസ്റ്റ് 31 ന് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നിരുന്നാലും, മൂന്നാം തരംഗ അണുബാധയുടെ ഭീഷണി വ്യാപകമായതിനാൽ നിരോധനം സെപ്തംബർ 30 വരെ നീട്ടുകയായിരുന്നു. ഈ നിരോധനമാണ് ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയത്.
അതേ സമയം ചില സംസ്ഥാനങ്ങളിൽ പ്രാദേശികമായി വൈറസ് പടരുന്നതും രോഗം രാജ്യത്ത് ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നതും കണക്കിലെടുത്ത് രാജ്യവ്യാപകമായ കോവിഡ് നിയന്ത്രണ നടപടികൾ ഒക്ടോബർ 31 വരെ നീട്ടിയതായും കേന്ദ്രസർക്കാർ അറിയിച്ചു.
വരാനിരിക്കുന്ന ഉത്സവകാലത്ത് കോവിഡ് സാഹചര്യത്തിന് ഉചിതമായ പെരുമാറ്റം ആളുകൾ കർശനമായി പാലിക്കാതിരിക്കാനുള്ള സാധ്യതയുള്ളതായി കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കുള്ള ആശയവിനിമയത്തിൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൂണ്ടിക്കാട്ടി. ഇത് കേസുകൾ വീണ്ടും വർദ്ധിക്കാൻ ഇടയാക്കുമെന്നും സന്ദേശനത്തിൽ മുന്നറിയിപ്പ് നൽകി.