ന്യൂഡൽഹി: കൊറോണ വൈറസ് കേസുകളുടെ (കോവിഡ് -19) വ്യാപനം തടയുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും.
കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 114 ആയതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതുൾപ്പെടെ സാമൂഹിക അകലം പാലിക്കുവാനുള്ള നടപടികളെക്കുറിച്ച് വിശദമായ നിർദേശങ്ങൾ പുറത്തിറക്കി.
തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് യാത്രക്കാർ കുറഞ്ഞതും അത്ര പ്രാധാന്യമില്ലാത്തതുമായ റൂട്ടുകളിൽ ട്രെയിനുകൾ നിർത്തിവയ്ക്കാനും റെയിൽവേ മന്ത്രാലയം നിർദേശം നൽകി.
Read More: കൊറോണ: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും, പൊതുഗതാഗതം ഒഴിവാക്കണം
യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്ത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്ന / യാത്ര ചെയ്യുന്ന യാത്രക്കാരെ കുറഞ്ഞത് 14 ദിവസത്തേക്ക് നിർബന്ധമായും ക്വറന്റൈൻ ചെയ്യും. ചൈന, ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു ഇതുവരെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്.
യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ നിരോധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ വിലക്കുകൾ താത്കാലികമാണ്. മാർച്ച് 31 വരെയാണ് വിലക്ക്. ശേഷം ഇത് പുനരവലോകനം ചെയ്യുന്നതായിരിക്കും.
മാർച്ച് 31 വരെ സാമൂഹിക അകലം പാലിക്കുന്നതിനായി നടപടികൾ നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജിമ്മുകളും മ്യൂസിയങ്ങളും സാംസ്കാരിക സാമൂഹിക കേന്ദ്രങ്ങളും നീന്തൽക്കുളങ്ങളും തിയേറ്ററുകളും അടച്ചുപൂട്ടാനും പരീക്ഷകൾ മാറ്റിവയ്ക്കാനും സ്വകാര്യമേഖലയിലെ ജീവനക്കാരെ എവിടെ നിന്നും ജോലി ചെയ്യാൻ അനുവദിക്കാനും നിർദേശം നൽകി.
ചില സംസ്ഥാനങ്ങൾ ഇതിനകം ഈ നടപടികളിൽ ചിലത് നടപ്പാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ സംസ്ഥാനങ്ങൾ തിങ്കളാഴ്ച മുതൽ ഇത് ആരംഭിച്ചു.