2027-ഓടെ ഇന്ത്യയില്‍ പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഒയില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഇലക്ട്രിക്ക്, ഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
മുൻ ഓയിൽ സെക്രട്ടറി തരുൺ കപൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൽ 2035-ഓടെ മോട്ടോർ സൈക്കിളുകൾ, സ്‌കൂട്ടറുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നും പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല.
നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ എത്രയും വേഗം ഒഴിവാക്കണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാല് ചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതായി വരും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങള്‍ക്കും ഇത് ബാധകമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പൂര്‍ണമായി മാറുന്നതിന് മുന്‍പ് 10 മുതല്‍ 15 വര്‍ഷം വരെ സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാം. ഫ്ലക്സ് ഫ്യൂവല്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
രാജ്യത്ത് ഇലക്‌ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‌കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31-ന് ശേഷം നല്‍കണം.
2070-ഓടെ പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് നെറ്റ് സീറോയിലെത്തിക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യം. നെറ്റ്-സീറോ, അല്ലെങ്കിൽ കാർബൺ ന്യൂട്രൽ ആകുക എന്നതിനർത്ഥം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ധിപ്പിക്കാതിരിക്കുക എന്നതാണ്.
ആഗോളതലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് (സിഒ 2) കൂടുതല്‍ പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാമത് ചൈനയാണ്. 2019-ലെ ജനസംഖ്യ അനുസരിച്ച് 1.9 ടണ്‍ സിഒ 2 ആണ് പുറന്തള്ളുന്നത്. ചൈന പുറന്തള്ളുന്നത് 15.5 ടണ്ണാണ്.